ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍

2018 സപ്തംബര്‍ 25നാണ് ബാലഭാസ്‌കര്‍ കാറപകടത്തില്‍ കൊല്ലപ്പെടുന്നത്. കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറത്ത് വഴിയരുകിലെ മരത്തിലേക്ക് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ഇടിച്ച് കയറുകയായിരുന്നു.

Update: 2019-12-10 05:45 GMT

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സിബിഐയ്ക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് ഉണ്ണി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. 2018 സപ്തംബര്‍ 25നാണ് ബാലഭാസ്‌കര്‍ കാറപകടത്തില്‍ കൊല്ലപ്പെടുന്നത്. കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറത്ത് വഴിയരുകിലെ മരത്തിലേക്ക് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ഇടിച്ച് കയറുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ മകള്‍ തേജസ്വിയെ നഷ്ടമായി. ഒരാഴ്ചക്ക് ശേഷം ബാലഭാസ്‌കറും മരിച്ചു.

കേസന്വേഷണം സിബിഐക്ക് വിടുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു തീരുമാനമെടുക്കാമെന്നു ഡിജിപി സര്‍ക്കാരിനെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഡിജിപി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ യോഗം വിളിച്ചു കേസിന്റെ പുരോഗതി ആരാഞ്ഞു. അപകടത്തില്‍ ദുരൂഹതയിലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. ബാലഭാസ്‌കറിന്റെ പിതാവ് പരാതിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷിച്ചു.

സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചില കാര്യങ്ങളില്‍ മാത്രമാണ് വ്യക്തത വരാനുള്ളത്. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തയാറാകുമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനു ശേഷവും സംഭവത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചിലര്‍ക്കുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. പൊതുസമൂഹത്തില്‍ ചര്‍ച്ചയായ കേസായതിനാല്‍ സിബിഐ അന്വേഷണം വേണോയെന്നു സര്‍ക്കാര്‍ നിലപാടെടുക്കട്ടെ എന്ന അഭിപ്രായമാണ് ഡിജിപി മുന്നോട്ടു വച്ചത്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഡിജിപി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Tags:    

Similar News