ബാലഭാസ്കറിന്റെ മരണം: കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ
ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നാണ് ആവശ്യം. ഡ്രൈവര്‍ അര്‍ജുന്‍റെ മൊഴിമാറ്റവും അന്വേഷിക്കണം.
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ വാഹനമോടിച്ചത് ഡ്രൈവർ അർജുനാണെന്ന് തെളിഞ്ഞതിന് പിന്നാലെ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്. ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നാണ് ആവശ്യം. ഡ്രൈവര്‍ അര്‍ജുന്‍റെ മൊഴിമാറ്റവും അന്വേഷിക്കണം.
കേസില്‍ കൂടുതല്‍ വിശദമായ അന്വേഷണം വേണം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഉള്‍പ്പെട്ടിട്ടും ആ ദിശയില്‍ അന്വേഷണം നടക്കാത്തത് എന്തുകൊണ്ടെന്നും ബന്ധുക്കള്‍ ചോദിക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും ബാലഭാസ്കറിന്‍റെ ബന്ധു പ്രിയ വേണുഗോപാല്‍ പറഞ്ഞു.
അപകടം നടന്ന സമയത്ത് താനാണ് കാർ ഓടിച്ചതെന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ പറഞ്ഞിരുന്നത്. എന്നാൽ ഈ മൊഴി പിന്നീട് അർജുൻ തിരുത്തി. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കാറോടിച്ചത് അർജുനാണെന്ന് വ്യക്തമായതിനാല്‍ അര്‍ജുന്‍റെ മൊഴിമാറ്റം അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ബാലഭാസ്കറിന്‍റെയും സംശയനിഴലിലുള്ളവരുടെയും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും പ്രിയ ആവശ്യപ്പെട്ടു.