പണിമുടക്ക് ദിനത്തില്‍ ബാങ്കിനു നേരെ ആക്രമണം; രണ്ട് എന്‍ജിഒ നേതാക്കള്‍ പിടിയില്‍
എന്‍ജിഒ യൂനിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരിലാല്‍, തൈക്കാട് ഏരിയാ കമ്മിറ്റിയംഗം അശോകന്‍ എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം: കേന്ദ്രനയങ്ങള്‍ക്കെതിരേ നടത്തിയ ദ്വിദിന ദേശീയ പണിമുടക്ക് ദിവസം എസ്ബിഐ മെയിന്‍ ട്രഷറി ശാഖ ആക്രമിച്ച കേസില്‍ രണ്ടു എന്‍ജിഒ നേതാക്കള്‍ പിടിയില്‍. എന്‍ജിഒ യൂനിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരിലാല്‍, തൈക്കാട് ഏരിയാ കമ്മിറ്റിയംഗം അശോകന്‍ എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. എന്‍ജിഒ യൂനിയന്‍ ജില്ലാ പ്രസിഡന്റ് ഹരികുമാറാണ് കേസിലെ ഒന്നാംപ്രതി. കേസില്‍ ആകെ 15 പേരാണുള്ളത്. തിരിച്ചറിഞ്ഞ ഒമ്പതു പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. പൊതുമുതലിനു പുറമെ സ്വകാര്യ സ്വത്ത് നശീകരണത്തിനു ശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനാല്‍ പൊതുമേഖലാ സ്ഥാപനമായ എസ്ബിഐ ശാഖയ്ക്കു നേരെ ആക്രമണമുണ്ടായതില്‍ പ്രതികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെയായതിനാല്‍ ഏറെ ഗൗരവമുണ്ടാവും. എന്‍ജിഒ യൂനിയന്‍ സംസ്ഥാന സമിതിയംഗം സുരേഷ് ബാബു, ജില്ലാ കമ്മിറ്റിയംഗം എസ് സുരേഷ് കുമാര്‍ എന്നിവര്‍ക്കൊപ്പമെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിരുന്നു. ജിഎസ്ടി വകുപ്പില്‍ ഇന്‍സ്‌പെക്ടര്‍മാരായ ഇരുവരും ബാങ്കുമായി അടുത്തിടപഴകുന്നവരുമാണ്. പണിമുടക്കിന്റെ ആദ്യദിവസം രാവിലെ 10.30ഓടെയാണ് ബാങ്കിനു നേരെ ആക്രമണമുണ്ടായത്. മാനേജരുടെ കാബിനിലെ മേശ അടിച്ചുതകര്‍ക്കുകയും കംപ്യൂട്ടറും ഫോണും നശിപ്പിക്കുകയും ചെയ്യുകയായിരുന്നു.