ജപ്തി ഭീഷണിയെ തുടർന്ന് കുടുംബത്തിന്റെ ആത്മഹത്യ; സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

ബാങ്കിന്റെ നടപടിയില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേ​ന്ദ്രന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വെള്ളറട സിഐക്കാണ് അന്വേഷണ ചുമതല.

Update: 2019-05-14 14:18 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ക്കിടെ അമ്മയും മകളും സ്വയം തീകൊളുത്തി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ബാങ്കിന്റെ നടപടിയില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേ​ന്ദ്രന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വെള്ളറട സിഐക്കാണ് അന്വേഷണ ചുമതല. ഇക്കാര്യത്തില്‍ ബാങ്കിന് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കും.

ഇന്ന് ഉച്ചയോടെയാണ് സംഭവം. നെയ്യാറ്റിന്‍കര മഞ്ചവിളാകം ഓംമലൈയിക്കട റോഡരികത്ത് വൈഷ്ണവിഭവനില്‍ ചന്ദ്രന്റെ ഭാര്യ ലേഖ (41), മകള്‍ വൈഷ്ണവി (19) എന്നിവരാണ് മരിച്ചത്. വൈഷ്ണവി സംഭവസ്ഥലത്തും ലേഖ വൈകീട്ട് ഏഴോടെ തിരുവനന്തപുരം മെഡിക്കൽ കോളജിലുമാണ് മരിച്ചത്.

 വീട് വയ്ക്കുന്നതിനായി കുടുംബം നെയ്യാറ്റിന്‍കര കാനറ ബാങ്ക് ശാഖയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എട്ട് ലക്ഷത്തോളം രൂപ തിരിച്ചടച്ചെങ്കിലും ആറ് ലക്ഷത്തിലധികം രൂപ ഇനിയും തിരിച്ചടയ്ക്കാന്‍ ഉണ്ടെന്നാണ് ബാങ്കിന്റെ വാദം. ബാങ്കിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വീട്ടുകാര്‍ ആരോപിച്ചു.

വിധി ഇങ്ങനെയാവുമെന്ന് പ്രതീക്ഷിച്ചില്ല: ചന്ദ്രൻ

ബാങ്കിലെ കടം തിരിച്ചടയ്ക്കാന്‍ തങ്ങളാല്‍ കഴിയുന്ന വിധത്തിലെല്ലാം ശ്രമം നടത്തിവരികയായിരുന്നു. പുതിയ വീടുപണിത് സന്തോഷത്തോടെ ജീവിക്കാമെന്നാണ് കരുതിയത്. എന്നാല്‍ വിധി ഇങ്ങനെയായിത്തീരുമെന്ന് തീരെ പ്രതീക്ഷിച്ചില്ല- ഭാര്യയും മകളും നഷ്ടപ്പെട്ട ചന്ദ്രന്‍റെ പ്രതികരണമാണിത്. താന്‍ വിദേശത്തായിരുന്ന സമയത്താണ് വായ്പ എടുത്തത്. എങ്ങനെയും കടംവീട്ടാമെന്ന ധൈര്യമുണ്ടായിരുന്നു. എന്നാല്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരികെ എത്തിയതോടെ ജീവിതം തന്നെ ബുദ്ധിമുട്ടിലായി. കാര്‍പെന്‍റര്‍ ജോലി ചെയ്താണ് വീട്ടുകാര്യങ്ങള്‍ നടത്തിക്കൊണ്ടുപോയത്. പഠിക്കാന്‍ മിടുക്കിയായ മകള്‍ വൈഷ്ണവി  എംബിഎയ്ക്ക് പഠിക്കുകയായിരുന്നു. വീട്ടുചെലവിനും മകളുടെ പഠനത്തിനുമൊപ്പമാണ് വായ്പയടയ്ക്കാനുള്ള തുക കൂടി കണ്ടെത്തേണ്ടത്. ഇടയ്ക്ക് അതിന് കഴിയാതെ വന്നപ്പോള്‍ ജപ്തി ഭീഷണി ഉണ്ടായതാണ്.

അഞ്ചുലക്ഷം രൂപ 15 വര്‍ഷം മുമ്പ് ലോണ്‍ എടുത്തെങ്കിലും എട്ടുലക്ഷം രൂപ ബാങ്കിലടച്ചു. ഇനിയും ഏഴുലക്ഷം കൂടി അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. പണം അടയ്ക്കേണ്ട അവസാന തീയതി ചൊവ്വാഴ്ചയായിരുന്നു. ഉച്ചയ്ക്ക് 12.30ന് മുമ്പ് പണമടയ്ക്കണമെന്നും അല്ലെങ്കില്‍ ജപ്തിനടപടിയുണ്ടാവുമെന്ന് ബാങ്ക് അധികൃതര്‍ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. സി കെ ഹരീന്ദ്രന്‍ എംഎൽഎ ഇടപെട്ട് സ്റ്റേ വാങ്ങിയത് ആശ്വാസകരമായിരുന്നു. ഇനി നടപടികള്‍ തന്‍റെ അറിവോടെ മാത്രമേ ആകാവൂയെന്ന് ബാങ്ക് അധികൃതരെ എംഎല്‍എ അറിയിച്ചെങ്കിലും അതുപാലിച്ചില്ല.

Tags:    

Similar News