എട്ടു സീറ്റ് വേണമെന്ന് ബിഡിജെഎസ്; എന്‍ഡിഎയില്‍ തര്‍ക്കം

ആറു സീറ്റുകള്‍ മാത്രമാണ് തരികയെങ്കില്‍ പത്തനംതിട്ടയും തൃശൂരും നിര്‍ബന്ധമായും തങ്ങള്‍ക്കു ലഭിക്കണമെന്ന് ബിഡിജെഎസ് അറിയിച്ചിട്ടുണ്ട്. തര്‍ക്കം രൂക്ഷമായതോടെ 28ന് വീണ്ടും ബിഡിജെഎസുമായി ബിജെപി നേതൃത്വം ചര്‍ച്ച നടത്തും.

Update: 2019-01-22 05:20 GMT

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സീറ്റുകളെ ചൊല്ലി എന്‍ഡിഎ കേരള ഘടകത്തില്‍ തര്‍ക്കം. എട്ടു സീറ്റുകള്‍ വേണമെന്ന ബിഡിജെഎസ് നിലപാട് കടുപ്പിച്ചു. എന്നാല്‍, പരമാവധി ആറു സീറ്റുകള്‍ മാത്രമെ നല്‍കൂവെന്നാണ് ഉഭയകക്ഷി ചര്‍ച്ചയില്‍ ബിജെപി അറിയിച്ചത്. ആറു സീറ്റുകള്‍ മാത്രമാണ് തരികയെങ്കില്‍ പത്തനംതിട്ടയും തൃശൂരും നിര്‍ബന്ധമായും തങ്ങള്‍ക്കു ലഭിക്കണമെന്ന് ബിഡിജെഎസ് അറിയിച്ചിട്ടുണ്ട്. തര്‍ക്കം രൂക്ഷമായതോടെ 28ന് വീണ്ടും ബിഡിജെഎസുമായി ബിജെപി നേതൃത്വം ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയില്‍ സീറ്റുവിഭജനത്തില്‍ അന്തിമ ധാരണയാവുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. തര്‍ക്കം രൂക്ഷമായാല്‍ കേന്ദ്രത്തിന്റെ ഇടപെടലുണ്ടാവും.

ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് ബിജെപി പ്രതീക്ഷിക്കുന്ന രണ്ടു സീറ്റുകളാണ് പത്തനംതിട്ടയും തൃശൂരും. പത്തനംതിട്ടയിലാണ് പ്രതീക്ഷയേറെയുള്ളത്. ഈ സീറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ വീട്ടുവീഴ്ച ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. പകരം കോഴിക്കോട് വിട്ടുനല്‍കാമെന്നാണ് വാഗ്ദാനം. ആലത്തൂര്‍, ഇടുക്കി, ആലപ്പുഴ, വയനാട് സീറ്റുകള്‍ ബിഡിജെഎസിന് നല്‍കാമെന്ന് ബിജെപി അറിയിച്ചതായാണ് സൂചന.

ഇവ വിജയസാധ്യത തീരെ ഇല്ലാത്ത സീറ്റുകളാണെന്നും ഒപ്പം പത്തനംതിട്ടയും തൃശൂരും വേണമെന്നും ബിജെഡിഎസിന്റെ ആവശ്യം. എ എന്‍ രാധാകൃഷ്ണനും കെ സുരേന്ദ്രനും തൃശൂര്‍ സീറ്റില്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്നാണ് സൂചന. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ തൃശൂരില്‍ മല്‍സരിപ്പിക്കാന്‍ കേന്ദ്രത്തിന് താല്‍പര്യമുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, ബിജെപിയുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ പൂര്‍ണമായും കീഴടങ്ങേണ്ടതില്ലെന്നാണ് ബിഡിജെഎസിന്റെ നിലപാട്. നല്‍കുന്ന സീറ്റില്‍ പ്രബലരായ സ്ഥാനാര്‍ഥികളെ കണ്ടെത്തണമെന്നും അല്ലാത്തപക്ഷം തങ്ങള്‍ക്കു കൂടി സമ്മതരായവരെ നിശ്ചയിക്കണമെന്നും ബിജെപി നേതൃത്വം ബിഡിജെഎസിനെ അറിയിച്ചിട്ടുണ്ട്.




Tags:    

Similar News