ബിശ്വനാഥ് സിന്‍ഹക്കെതിരെ ഗുരുതര ആരോപണങ്ങൾ; കേസെടുക്കണമെന്ന് കോൺഗ്രസ്

ബിശ്വനാഥ് സിന്‍ഹ നിരന്തരം തനിക്ക് എസ്എംഎസും വാടാസ്പ്പ് സന്ദേശങ്ങളും അയക്കുന്നതായി ഒരു യുവവനിത ഐഎഎസ് ഓഫീസര്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ ജ്യോതികുമാര്‍ ചാമക്കാല വാര്‍ത്താസമ്മേളനത്തില്‍ ഇതിന് തെളിവായി സ്ക്രീന്‍ ഷോട്ടുകളും പങ്കുവച്ചു.

Update: 2019-12-12 06:44 GMT

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയത് വനിതകളോട് മോശമായി പെരുമാറിയതിനാണെന്ന് കോൺഗ്രസ്. ബിശ്വനാഥ് സിന്‍ഹയെ സുപ്രധാന പദവിയിൽ നിന്നും സൈനിക് വെല്‍ഫെയല്‍, പ്രിന്റിംഗ്& സ്റ്റേഷനറി വകുപ്പുകളുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായി മാറ്റി നിയമിക്കുകയായിരുന്നു. ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിന് പൊതുഭരണവകുപ്പ്, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കുകയും ചെയ്തു.

സ്ഥാനചലനം നേരിട്ടതോടെ ബിശ്വനാഥ് സിന്‍ഹയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. വനിത ഐഎഎസ് ട്രെയിനികളായ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ച് ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചെന്നും കെപിസിസി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു. എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് സിന്‍ഹയുടെ പ്രതികരണം. ആരോടും മോശമായി പെരുമാറിയിട്ടില്ല. എന്തിനാണ് തന്നെ മാറ്റിയതെന്ന് മാറ്റിയവരോട് തന്നെ ചോദിക്കണമെന്നും സിന്‍ഹ പ്രതികരിച്ചു. 

വനിത ഐഎഎസ് ട്രെയിനികളോട് മോശമായി പെരുമാറിയ സിന്‍ഹയ്ക്കെതിരെ കേസെടുക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. ബിശ്വനാഥ് സിന്‍ഹ നിരന്തരം തനിക്ക് എസ്എംഎസും വാടാസ്പ്പ് സന്ദേശങ്ങളും അയക്കുന്നതായി ഒരു യുവവനിത ഐഎഎസ് ഓഫീസര്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ ജ്യോതികുമാര്‍ ചാമക്കാല വാര്‍ത്താസമ്മേളനത്തില്‍ ഇതിന് തെളിവായി സ്ക്രീന്‍ ഷോട്ടുകളും പങ്കുവച്ചു. ഒരു ജൂനിയര്‍ ഐഎഎസ് ഓഫീസറോട് സിന്‍ഹ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് അവരുടെ രക്ഷിതാക്കള്‍ നേരത്തെ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയിരുന്നു. പിന്നീട് ട്രെയിനിംഗിലുള്ള രണ്ട് യുവ വനിത ഐഎഎസുകാരോടും ബിശ്വനാഥ് സിന്‍ഹ സമാനമായ രീതിയില്‍ പെരുമാറി.

സിന്‍ഹയുടെ മോശമായ പെരുമാറ്റം വനിത വനിത ഉദ്യോഗസ്ഥര്‍ മൊസൂറിലുള്ള ഐഎഎസ് അക്കാദമിയിൽ അറിയിച്ചിരുന്നു. അക്കാദമി ഡയറക്ടര്‍ മുഖ്യമന്ത്രിയുടെ ഒാഫീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കാതെ ഒതുക്കി തീർക്കാനാണ് ശ്രമിച്ചത്. അശ്ലീല സന്ദേശങ്ങള്‍ അയച്ച് സിന്‍ഹ കീഴ്ജീവനക്കാരെ പീഡിപ്പിക്കുകയാണ്. സിന്‍ഹയ്ക്കെതിരായ നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കരുതെന്നും ചീഫ് സെക്രട്ടറി നടപടിയെടുക്കണമെന്നും ജ്യോതികുമാര്‍ ചാമക്കാല ആവശ്യപ്പെട്ടു. 

Tags:    

Similar News