കൊച്ചി: ജനാധിപത്യത്തിന് തീരാക്കളങ്കമായി തിരഞ്ഞെടുപ്പിലെ കള്ളപ്പണ ഇടപാട് നടത്തിയ കേരളത്തിലെ ബിജെപി നേതൃത്വത്തെ ഒന്നടങ്കം പുറത്താക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം തയ്യാറാകണമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ജനാധിപതൃത്തെയും പാര്‍ലമെന്ററി ഭരണ സംവിധാനങ്ങളെയും വിലക്കുവാങ്ങുകയെന്ന മോദി- അമിത് ഷാ സിദ്ധാന്തത്തിന്റെ പരസ്യമായ ആവര്‍ത്തനമാണ് കേരളത്തിലും അരങ്ങേറിയത്.
35 എംഎല്‍എമാരെ ബിജെപിക്ക് ലഭിച്ചാല്‍ കേരളത്തില്‍ സ്വന്തം സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞത് ഈ കച്ചവടരാഷ്ട്രീയത്തിന്റെ തെളിവായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് തന്നെ പലര്‍ക്കായി കുഴല്‍പ്പണ വിതരണം നടത്തിയതായി പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ഒന്നോ രണ്ടോ മണ്ഡലങ്ങളിലെ കള്ളപ്പണ വിതരണങ്ങള്‍ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ബിജെപി സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച നൂറിലധികം മണ്ഡലങ്ങളിലെ പണമിടപാടുകള്‍ കൂടി അന്വേഷണവിധേയമാക്കണം.
അവിഹിതമാര്‍ഗങ്ങളിലൂടെ തിരഞ്ഞെടുപ്പ് വിജയം നേടാനുള്ള ബിജെപി നേതാക്കളുടെ കള്ളപ്പണ വിതരണവും അതിനായി നടത്തിയ അപമാനകരമായ ഇടപെടലുകളും രാഷ്ട്രീയത്തെയും രാഷ്ട്രീയപ്രവര്‍ത്തനത്തെയും പൊതുസമൂഹത്തിനു മുന്നില്‍ അപഹാസ്യമാക്കിയിരിക്കുകയാണ്. ബിജെപിയുടെ നേതൃത്വത്തില്‍ വ്യാപകമായി നടത്തിയ തിരഞ്ഞെടുപ്പ് അട്ടിമറിശ്രമങ്ങളും കള്ളപ്പണ വിതരണവും വിശദമായി അന്വേഷിക്കുന്നതിന് ഒരു സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്നും പി സി ചാക്കോ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.