കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍റെ അനിശ്ചിതകാല സമരത്തില്‍ ഇന്ന് സമവായ ചര്‍ച്ച നടന്നേക്കും

സംഘടനയുടെ ഭാഗമായുള്ള പ്രവര്‍ത്തനം മാത്രമേ നടത്തിയിട്ടുള്ളുവെന്നും സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വിശദീകരണം നല്‍കി

Update: 2022-04-13 01:27 GMT

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാനെതിരായ ഓഫീസേഴ്സ് അസോസിയേഷന്‍റെ അനിശ്ചിതകാല സത്യഗ്രഹ സമരത്തില്‍ ഇന്ന് സമവായ ചര്‍ച്ച നടന്നേക്കും. ബോര്‍ഡ് തലത്തില്‍ പ്രശ്നം പരിഹരിക്കാന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി നിർദേശം നല്‍കിയിരുന്നു. സസ്പെന്‍ഷന്‍ കുറ്റപത്രത്തില്‍ സംഘടന നേതാക്കളുടെ വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ ബി അശോക് വ്യക്തമാക്കിയിട്ടുണ്ട്.

സംഘടനയുടെ ഭാഗമായുള്ള പ്രവര്‍ത്തനം മാത്രമേ നടത്തിയിട്ടുള്ളുവെന്നും സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. എക്സി. എഞ്ചിനീയര്‍ ജാസ്മിന്‍ ബാനുവിന്‍റെ സസ്പെന്‍ഷന്‍ അവസാനിപ്പിച്ച് ഇന്ന് ഉത്തരവ് പുറത്തിറക്കും,. ഹൈക്കോടതി ഉത്തരിവന്‍റെ പശ്ചാത്തലത്തിലാണിത്. നാളെ മുതല്‍ തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ വരുന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

അതേസമയം കെഎസ്ഇബി ലിമിറ്റഡിന്റെ പുതുക്കിയ ബജറ്റിലും തെറ്റായ കണക്കെന്ന് ആരോപണം. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പുതുക്കിയ ബജറ്റിലും പുതിയ സാമ്പത്തിക വ‍ർഷത്തിലേക്കുള്ള ബജറ്റിലും തെറ്റായ കണക്കുണ്ടെന്ന് ഇടത് അനുകൂല തൊഴിലാളി സംഘടനയുടെ നേതാക്കൾ കുറ്റപ്പെടുത്തി. സംഭവത്തിൽ ചെയർമാനും ഫിനാൻസ് ഡയറക്ടർക്കുമെതിരേ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് നേതാക്കൾ.

Similar News