മൂന്നാറിൽ വ്യാജ പട്ടയം നിയമവിധേയമാക്കി; മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

ദേവികുളം തഹസിൽദാര്‍ ആര്‍ രാധാകൃഷ്ണൻ, മൂന്നാര്‍ സ്പെഷ്യൽ തഹസിൽദാര്‍ പി പി ജോയ്, ദേവികുളം താലൂക്ക് സര്‍വെയര്‍ ഉദയകുമാര്‍‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്.

Update: 2021-12-27 09:42 GMT

ഇടുക്കി: മൂന്നാറിൽ വ്യാജ പട്ടയം നിയമവിധേയമാക്കാൻ ഇടപെട്ട മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. ദേവികുളം തഹസിൽദാര്‍ ഉൾപ്പടെയുള്ളവര്‍ക്കെതിരെയാണ് റവന്യൂമന്ത്രി കെ രാജൻ നേരിട്ട് നടപടിയെടുത്തത്.

ദേവികുളം തഹസിൽദാര്‍ ആര്‍ രാധാകൃഷ്ണൻ, മൂന്നാര്‍ സ്പെഷ്യൽ തഹസിൽദാര്‍ പി പി ജോയ്, ദേവികുളം താലൂക്ക് സര്‍വെയര്‍ ഉദയകുമാര്‍‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. മൂന്നാര്‍ ആനവിരട്ടി വില്ലേജിലെ തമിഴ്നാട് സ്വദേശിയുടെ വ്യാജ പട്ടയം നിയമവിധേയമാക്കാൻ കൈക്കൂലി വാങ്ങി ഇവര്‍ ഇടപെട്ടെന്ന ആരോപണത്തിലാണ് നടപടി.

സര്‍വെ നമ്പര്‍ തിരുത്തി നൽകാൻ ഇവര്‍‍ നാല് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്നതടക്കമുള്ള ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട റവന്യൂമന്ത്രി കെ രാജൻ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ ഉത്തരവിട്ടു.

ഭൂമി ഇടപാട് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താൻ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് ഉദ്യോഗസ്ഥര്‍ക്കെതിരായ തുടര്‍നടപടി എടുക്കും. അതേസമയം, ഈ ഉദ്യോഗസ്ഥര്‍ ഇടപെട്ട എല്ലാ ഭൂമി ഇടപാടുകളെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.

Similar News