കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് മുഖ്യമന്ത്രി
രാവിലെ 11 മണിയോടെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയാണ് മുഖ്യമന്ത്രി കുത്തിവയ്പ്പ് എടുത്തത്. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആരും മടിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ 11 മണിയോടെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയാണ് മുഖ്യമന്ത്രി കുത്തിവയ്പ്പ് എടുത്തത്. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആരും മടിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനെടുത്തപ്പോള്‍ യാതൊരു അസ്വസ്ഥതയുമുണ്ടായില്ല. വാക്‌സിനേഷന്‍ നല്ല അനുഭവമാണ്. ആശങ്കയില്ലാതെ, ലഭ്യമാവുന്ന മുറയ്ക്ക് എല്ലാവരും വാക്‌സിനേഷന്‍ സ്വീകരിച്ച് രോഗപ്രതിരോധം തീര്‍ക്കണം.
കൊവിഡിനെ നമുക്ക് ഒത്തൊരുമിച്ച് മറികടക്കാം. വാക്‌സിനുമായി ബന്ധപ്പെട്ട് ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിന് ചെവി കൊടുക്കരുത്. എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നുണ്ട്. ന്യൂഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍നിന്നാണ് രാഷ്ട്രപതി വാക്‌സിന്‍ സ്വീകരിക്കുക. മന്ത്രിമാരായ കെ കെ ശൈലജയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഇ ചന്ദ്രശേഖരനും ഇന്നലെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു.