കൊവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കുന്ന ഉത്തരവ് പിൻവലിക്കണം; ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി
കൊവിഡിന്റെ മറവിൽ വ്യക്തികളുടെ അനുവാദം കൂടാതെ സ്വകാര്യ വിവരങ്ങൾ ഭരണകൂടം ശേഖരിക്കുന്നത് മൗലികാവകാശ ലംഘനമാണ്.
തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ(സിഡിആർ) അവരുടെ അറിവില്ലാതെ പോലിസ് ശേഖരിക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം കത്ത് നൽകി.
കൊവിഡിന്റെ മറവിൽ വ്യക്തികളുടെ അനുവാദം കൂടാതെ സ്വകാര്യ വിവരങ്ങൾ ഭരണകൂടം ശേഖരിക്കുന്നത് മൗലികാവകാശ ലംഘനമാണ്. ഒരു വ്യക്തി സംസാരിക്കുന്ന വ്യക്തികളുടെ വിവരങ്ങൾ കൊണ്ട് എങ്ങിനെ കൊവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയ വ്യക്തികളുടെ ലിസ്റ്റ് ഉണ്ടാക്കാൻ സാധിക്കും എന്ന ചോദ്യവും ഈ സാഹചര്യത്തിൽ പ്രസക്തമാണ്.
ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകുന്ന മറ്റൊരു നിയമം ഇന്ത്യൻ ക്രിമിനൽ നടപടിക്രമങ്ങൾ (സിആർപിസി) ആണ്. പക്ഷെ ഇത് കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന വ്യക്തിക്കെതിരെ മാത്രമേ ബാധകമാക്കാൻ സാധിക്കുകയുള്ളു. കൊവിഡ് രോഗം ഒരു കുറ്റമല്ലാത്തതിനാൽ സർക്കാരിന് ഈ നിയമവും ഉപയോഗിക്കാൻ സാധിക്കുകയുമില്ല.
സർക്കാരിനെ വിമർശിക്കുന്നവരുടെ ഫോൺ രേഖകൾ ചോർത്താനുള്ള വിലകുറഞ്ഞ തന്ത്രത്തിന്റെ ഭാഗമാണോ ഇതെന്ന സംശയം ഇതിനോടകം ഉയർന്നുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന പോലിസിന്റെ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഈ നടപടി ഉടൻ പിൻവലിക്കണമെന്ന് താങ്കളോട് അഭ്യർത്ഥിക്കുന്നതായും ചെന്നിത്തല കത്തിൽ പറയുന്നു.
കത്തിൻ്റെ പൂർണ്ണരൂപം
കൊവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ( സി ഡി ആർ) അവരുടെ അറിവില്ലാതെ പോലിസ് ശേഖരിച്ചു വരികയാണ് എന്നാണ് അറിയാൻ സാധിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ സംബന്ധിച്ചു സംസ്ഥാന പോലീസ് മേധാവി എ ഡി ജി പി മാർക്ക് നൽകിയ നിർദേശത്തിലും ഫോൺകോൾ വിവരങ്ങൾ( സി ഡി ആർ) ശേഖരിക്കുന്നത് ത്വരിതപടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ, വ്യക്തികളുടെ അനുവാദം കൂടാതെ അവരുടെ സ്വകാര്യ വിവരങ്ങൾ ഭരണകൂടം ശേഖരിക്കുന്നത് ഇന്ത്യൻ ഭാരണഘടന പൗരന്മാർക്ക് നൽകിയിരിക്കുന്ന മൗലീകാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇന്ത്യൻ ഭരണഘടയുടെ അടിസ്ഥാന ശിലയായ മൗലീകാവകാശങ്ങളിലെ ഏറ്റവും സുപ്രധാനമാണ് ജീവിക്കാനുള്ള അവകാശമായ ഇരുപത്തിയൊന്നാം അനുച്ഛേദം(right to Life) എന്ന് താങ്കൾക്ക് അറിയാമല്ലോ. ഒരു വ്യക്തിക്ക് അന്തസോടെ ജീവിക്കാൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലീകാവശമാണ് ഇത്. 2018 ലെ (Retd) ജസ്റ്റിസ് പുട്ടസ്വാമി കേസിൽ ഒരു വ്യക്തിയുടെ സ്വകാര്യത ഇന്ത്യൻ ഭരണഘടനാ ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് എന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ അറിവോടുകൂടിയ സമ്മതം ( Informed consent ) കൂടാതെ സ്വാകാര്യ വിവരങ്ങൾ ഭരണകൂടം ശേഖരിക്കാൻ പാടില്ല എന്ന് സുപ്രീം കോടതി ഈ വിധിയിൽ അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസുരക്ഷെയെ അടക്കം ബാധിക്കുന്ന അടിയന്തിര സാഹചര്യത്തിൽ മാത്രമേ ഒരു വ്യക്തിയുടെ അറിവോടെയല്ലാതെ സ്വകാര്യതയിലേക്കു കടന്നുകയറാൻ സാധിക്കുകയുള്ളു.
അതായത് ഒരു സർക്കാർ ഉണ്ടാക്കുന്ന നീതിയുക്തമായ നിയമത്തിന്റെ പിൻബലത്തിൽ മാത്രമേ കേന്ദ്ര സർക്കാരിന് പോലും അത്യാവശ്യ സാഹചര്യത്തിൽ ഒരു വ്യക്തിയുടെ മൗലീകാവകാശത്തിലേക്കു കടന്നു കയറാൻ സാധിക്കുകയുള്ളു.
ഇങ്ങനെ കേന്ദ്ര സർക്കാർ ഉണ്ടാക്കിയ ഒരു നിയമമാണ് ടെലിഗ്രാഫ് നിയമം, 1885. ഈ നിയമത്തിലെ സെക്ഷൻ 5(2) പ്രകാരം രാജ്യസുരക്ഷ, രാജ്യത്തിൻറെ ഐക്യം, അഖണ്ഡത എന്നിവയ്ക്ക് ഭീഷണിയുള്ള സാഹചര്യത്തിൽ മാത്രമാണ് സർക്കാരിന് ഒരു വ്യക്തിയുടെ ഫോൺ രേഖകൾ പരിശോധിക്കാനുള്ള അവകാശം നൽകിയിരിക്കുന്നത്.
SECTION 5(2) of Indian Telegraph Act
On the occurrence of any public emergency, or in the interest of the public safety, the Central Government or a State Government ...., if satisfied that it is necessary or expedient so to do in the interests of the sovereignty and integrity of India, the security of the State, friendly relations with foreign states or public order or for preventing incitement to the commission of an offence, for reasons to be recorded in writing, by order, direct that any message or class of messages to or from any person or class of persons, or relating to any particular subject, brought for transmission by or transmitted or received by any telegraph, shall not be transmitted, or shall be intercepted or detained, or shall be disclosed to the Government making the order or an officer thereof mentioned in the order:
ഇന്ത്യൻ ടെലഗ്രാഫ് ഭേദഗതി ചട്ടം 2007 അനുസരിച്ച് ടെലിഗ്രാഫ് നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഫോൺ നിരീക്ഷണത്തിനു അനുമതി നൽകാനുള്ള അധികാരം സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കാണ്.
ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകുന്ന മറ്റൊരു നിയമം ഇന്ത്യൻ ക്രിമിനൽ നടപടിക്രമങ്ങൾ( സി ആർ പി സി) യാണ്.പക്ഷെ ഇത് കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന വ്യക്തിക്കെതിരെ മാത്രമേ ബാധകമാക്കാൻ സാധിക്കുകയുള്ളു. കോവിഡ് രോഗം ഒരു കുറ്റമല്ലാത്തതിനാൽ സർക്കാരിന് ഈ നിയമവും ഉപയോഗിക്കാൻ സാധിക്കുകയുമില്ല .
അങ്ങനെയിരിക്കെ കൊവിഡിന്റെ മറവിൽ ഒരു നിയത്തിന്റെ പോലും പിൻബലമില്ലാതെ സംസ്ഥാന പോലീസ് നടത്തുന്ന ഈ ഹീനമായ പ്രവർത്തി നഗ്നമായ ഭാരണഘടന ലംഘനമാണ്. ഒരു വ്യക്തി സംസാരിക്കുന്ന വ്യക്തികളുടെ വിവരങ്ങൾ കൊണ്ട് എങ്ങിനെ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയ വ്യക്തികളുടെ ലിസ്റ്റ് ഉണ്ടാക്കാൻ സാധിക്കും എന്ന ചോദ്യവും ഈ സാഹചര്യത്തിൽ പ്രസക്തമാണ് . സർക്കാരിനെ വിമർശിക്കുന്നവരുടെ ഫോൺ രേഖകൾ ചോർത്താനുള്ള വിലകുറഞ്ഞ തന്ത്രത്തിന്റെ ഭാഗമാണോ ഇത് എന്ന സംശയം ഇതിനോടകം ഉയർന്നുവന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സംസ്ഥാന പോലീസിന്റെ നിയമവിരുദ്ധവും, ഭരഘടനായരുദ്ധവുമായ ഈ നടപടി ഉടൻ പിൻവലിക്കണമെന്ന് താങ്കളോട് അഭ്യർത്ഥിക്കുന്നു .