ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം മന്ത്രി എന്ന് വിളിക്കൂ; ഭണ്ഡാരത്തില്‍ നിന്ന് കിട്ടുന്ന പണത്തെ മിത്തുമണി എന്നും; ഗോവിന്ദനെ പരിഹസിച്ച് സലിം കുമാര്‍

പുഷ്പക വിമാനത്തിന്റെ കാര്യം ശാസ്ത്ര കോണ്‍ഗ്രസില്‍ ഇതേ പ്രധാനമന്ത്രി അവതരിപ്പിച്ചു.

Update: 2023-08-03 05:49 GMT

തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് നടനും കോണ്‍ഗ്രസ് സഹയാത്രികനുമായ സലിം കുമാര്‍. ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നും ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്ന് സലിം കുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.


സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:


മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്.

രാജ്യം വിശ്വാസികള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല എന്നായിരുന്നു എംവി ഗോവിന്ദന്റെ അഭിപ്രായം. സിപിഐഎം വിശ്വാസങ്ങള്‍ക്ക് എതിരല്ല. എല്ലാ വിശ്വാസികളുടെയും വിശ്വാസികളല്ലാത്തവരുടെയും ജനാധിപത്യ അവകാശം സംരക്ഷിക്കുകയാണ് സിപിഐഎം ചെയ്യുന്നത്. ആ നിലപാട് എന്നും സിപിഐഎം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശാസ്ത്രത്തെ തള്ളിപറഞ്ഞ് മുന്നോട്ട് പോകാന്‍ സാധിക്കില്ല. മിത്തിനെ മിത്തായിട്ട് കാണണം. പ്ലാസ്റ്റിക് സര്‍ജറി പരാമര്‍ശം നടത്തിയത് പ്രധാനമന്ത്രിയാണ്. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ഗണപതി ഉണ്ടായെന്ന് പ്രധാനമന്ത്രി മഹാരാഷ്ട്രയില്‍ റിലയന്‍സ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞിട്ടുണ്ട്. പുഷ്പക വിമാനത്തിന്റെ കാര്യം ശാസ്ത്ര കോണ്‍ഗ്രസില്‍ ഇതേ പ്രധാനമന്ത്രി അവതരിപ്പിച്ചു. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാക്കുന്നത് തെറ്റാണ്.

കലാപം ഉണ്ടാക്കാനുള്ള ശ്രമങ്ങളില്‍ ജാഗ്രത വേണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പരശുരാമന്‍ മഴുവെറിഞ്ഞ് കേരള മുണ്ടാക്കി ബ്രാഹ്‌മണര്‍ക്ക് നല്‍കി എന്നു പറയുന്നു. ബ്രാഹ്‌മണ കാലത്താണോ കേരളം ഉണ്ടായത്? അതിനും എത്രയോ കൊല്ലം മുമ്പ് കേരളം ഉണ്ടായിട്ടില്ലേ. ഇക്കാര്യം ചട്ടമ്പി സ്വാമികള്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെ മേലില്‍ കുതിര കയറരുതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.






Tags:    

Similar News