കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം ലോക മാതൃകയാകണം: മന്ത്രി കെ കെ ഷൈലജ
രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പുതിയ ഉപകരണങ്ങള്‍ ഉണ്ടാകുന്നതോടൊപ്പം പുതിയ ശാസ്ത്രീയ കണ്ടെത്തലുകളും ഉണ്ടാകണം. ആരോഗ്യ രംഗത്തെ നൂതന ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായം സര്‍ക്കാരിന് ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും കാന്‍സര്‍ രോഗം നേരത്തെ കണ്ടെത്തുവാനും പ്രതിരോധിക്കുവാനുമുള്ള മാര്‍ഗങ്ങള്‍ സിമ്പോസിയങ്ങളിലൂടെ ഉരുത്തിരിയണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു
കൊച്ചി: കാന്‍സര്‍ ചികില്‍സാ രംഗത്തെ നൂതന സങ്കേതങ്ങള്‍ സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്ക് പ്രാപ്യമാക്കുവാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്ന് മന്ത്രി കെ കെ ഷൈലജ. കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററും കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനും സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് കാന്‍സര്‍ പ്രതിരോധ വാര്‍ഷിക സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പുതിയ ഉപകരണങ്ങള്‍ ഉണ്ടാകുന്നതോടൊപ്പം പുതിയ ശാസ്ത്രീയ കണ്ടെത്തലുകളും ഉണ്ടാകണം. ആരോഗ്യ രംഗത്തെ നൂതന ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായം സര്‍ക്കാരിന് ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും കാന്‍സര്‍ രോഗം നേരത്തെ കണ്ടെത്തുവാനും പ്രതിരോധിക്കുവാനുമുള്ള മാര്‍ഗങ്ങള്‍ സിമ്പോസിയങ്ങളിലൂടെ ഉരുത്തിരിയണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള കാന്‍സര്‍ കണക്ക് തയ്യാറാക്കുന്നതിലൂടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം സാധ്യമാകും. ജില്ലാ പഞ്ചായത്തിന്റെയും കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെയും നേതൃത്വത്തില്‍ എറണാകുളം ജില്ലയില്‍ ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള കാന്‍സര്‍ കണക്ക് തയ്യാറാക്കുന്ന പ്രവര്‍ത്തനം ഈ രംഗത്തെ വലിയ മുന്നേറ്റമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മൂന്ന് ദിവസങ്ങളിലായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നടന്ന സിമ്പോസിയത്തില്‍ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിവിധ മാതൃകകളും സാധ്യതകളും ചര്‍ച്ചചെയ്തു. കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. മോനി കുര്യാക്കോസ് നേതൃത്വം നല്‍കിയ യോഗത്തില്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലേക്ക് 50 എക്‌സറേ റീഡറുകളും അവയുടെ രണ്ട് വര്‍ഷത്തെ സര്‍വ്വീസും പ്രസാന്‍ സൊലൂഷന്‍സ് പ്രതിനിധി എം യു സാബു മന്ത്രിക്ക് കൈമാറി. വെള്ളിയാഴ്ച ആരംഭിച്ച സിമ്പോസിയം ഇന്ന് സമാപിച്ചു.