വീട്ടുവളപ്പില്‍ പച്ചക്കറി തോട്ടത്തിന്റെ മറവില്‍ കഞ്ചാവ് കൃഷി; 71 കഞ്ചാവ് ചെടികള്‍ പിടികൂടി, ഒരാള്‍ അറസ്റ്റില്‍
തലശ്ശേരി: വീട്ടുവളപ്പില്‍ പച്ചക്കറി കൃഷിയുടെ മറവില്‍ നട്ടുവളര്‍ത്തിയ 71 കഞ്ചാവ് ചെടികള്‍ പിടികൂടി. സംഭവത്തില്‍ തലശ്ശേരി താലൂക്കില്‍ പെരിങ്ങളം അംശം പൂക്കോം ദേശത്ത് മംഗളാട്ട് ഹൗസില്‍ എം അരവിന്ദാക്ഷനെ (43) അറസ്റ്റുചെയ്തു. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
വീടിന് പിന്നില്‍ 10 മീറ്റര്‍ മാറി പച്ചക്കറി തോട്ടത്തിന്റെ നടുവിലാണ് ഇയാള്‍ കഞ്ചാവ് തോട്ടം നട്ടുവളര്‍ത്തി പരിപാലിച്ചുപോന്നത്. 6 സെന്റീമീറ്റര്‍ മുതല്‍ 3 മീറ്റര്‍ വരെ നീളമുള്ള ചെറുതും വലുതുമായ 71 കഞ്ചാവ് ചെടികളാണ് പിടികൂടിയത്. രണ്ടാഴ്ച മുതല്‍ 6 മാസം വരെ പ്രായമുള്ള കഞ്ചാവ് ചെടികളാണുണ്ടായിരുന്നത്.
പ്രിവന്റീവ് ഓഫിസര്‍ വി സുധീര്‍, എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗം പി ജലീഷ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗം സി കെ ശജേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി എന്‍ വിനേഷ്, പി ടി സജിത്ത്, എക്‌സൈസ് ഡ്രൈവര്‍ കെ ഷംജിത്ത് എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.
10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നും കഞ്ചാവ് കച്ചവടക്കാരെക്കുറിച്ചുള്ള സൂചന എക്‌സൈസിനു ലഭിച്ചിട്ടുണ്ട്. പ്രതിയെ തലശ്ശേരി കോടതിയില്‍ ഹാജരാക്കും. തുടര്‍നടപടികള്‍ വടകര എന്‍ഡിപിഎസ് കോടതിയില്‍ നടക്കും. ജില്ലയിലെ കഞ്ചാവ് മാഫിയക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അന്‍സാരി ബീഗു അറിയിച്ചു.