കിടപ്പുമുറിയില്‍ ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റില്‍
പണി പൂര്‍ത്തിയായിവരുന്ന കോണ്‍ക്രീറ്റ് വീടിന്റെ കിടപ്പുമുറിയില്‍ എട്ട് ഗ്രോ ബാഗുകളിലായി കൃഷിചെയ്തിരുന്ന കഞ്ചാവ് ചെടികളാണ് കട്ടപ്പന എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ബി ബിനുവും സംഘവും ചേര്‍ന്ന് പിടിച്ചെടുത്തത്.
ഇടുക്കി: കിടപ്പുമുറിയില്‍ ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി നടത്തിവന്ന യുവാവ് പിടിയിലായി. കട്ടപ്പന നിര്‍മല സിറ്റി കണ്ണംകുളം വീട്ടില്‍ മനു തോമസ് (30) ആണ് പിടിയിലായത്. പണി പൂര്‍ത്തിയായിവരുന്ന കോണ്‍ക്രീറ്റ് വീടിന്റെ കിടപ്പുമുറിയില്‍ എട്ട് ഗ്രോ ബാഗുകളിലായി കൃഷിചെയ്തിരുന്ന കഞ്ചാവ് ചെടികളാണ് കട്ടപ്പന എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ബി ബിനുവും സംഘവും ചേര്‍ന്ന് പിടിച്ചെടുത്തത്. വീട്ടില്‍ കഞ്ചാവ് വളര്‍ത്തുന്നതായി എക്‌സൈസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എന്‍ഡിപിഎസ് നിയമപ്രകാരമാണ് അറസ്റ്റുചെയ്തത്.
40 സെന്റീമീറ്റര്‍ വരെ നീളമുള്ള ചെടികളാണ് കണ്ടെത്തിയത്. 10 വര്‍ഷം വരെ തടവും ഒരുലക്ഷം രൂപ പിഴയും ലിഭിക്കാവുന്ന കുറ്റമാണ്. പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെടാതെ ജനലുകള്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മറച്ച് കൃത്രിമവെളിച്ചത്തിനായി ഇലക്ട്രിക് ലൈറ്റ് സംവിധാനവുമുപയോഗിച്ചാണ് ചെടികള്‍ വളര്‍ത്തിയിരുന്നത്. പ്രതി ഈ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. രണ്ടുദിവസം ഇയാളെ നിരീക്ഷിച്ചശേഷം ഇന്ന് റെയ്ഡ് നടത്തുകയായിരുന്നു. പ്രിവന്റീവ് ഓഫിസര്‍ പി ബി രാജേന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജെയിംസ് മാത്യു, പി സി വിജയകുമാര്‍ ജസ്റ്റിന്‍ പി ജോസഫ്, എക്‌സൈസ് ഡ്രൈവര്‍ ഷിജോ അഗസ്റ്റിന്‍ എന്നിവര്‍ പട്രോള്‍ സംഘത്തിലുണ്ടായിരുന്നു.