വാഹനാപകടത്തില്‍ പരിക്കേറ്റ അമ്മയേയും കുഞ്ഞിനേയും വഴിയില്‍ ഉപേക്ഷിച്ചു; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
അപകടത്തില്‍ പരിക്കേറ്റ രേഷ്മയെന്ന യുവതി ഇക്കാര്യം വെളിപ്പെടുത്തിയതോടെ കാര്‍ കസ്റ്റഡിയിലെടുക്കാത്തതിനെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശിച്ചു.
തിരുവനന്തപുരം: ശ്രീകാര്യത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ അമ്മയേയും കുഞ്ഞിനേയും കാറുടമ ആശുപത്രിയില്‍ എത്തിക്കാതെ വഴിയില്‍ ഉപേക്ഷിച്ചതായി പരാതി. അപകടത്തില്‍ പരിക്കേറ്റ രേഷ്മയെന്ന യുവതി ഇക്കാര്യം വെളിപ്പെടുത്തിയതോടെ കാര്‍ കസ്റ്റഡിയിലെടുക്കാത്തതിനെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശിച്ചു.
സിറ്റി പോലിസ് കമ്മീഷണര്‍ അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് തിരുവനന്തപുരത്ത് പരിഗണിക്കും. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പരാതി നല്‍കിയിട്ടും പോലിസ് നടപടി സ്വീകരിച്ചില്ലെന്നും രേഷ്മ പറഞ്ഞു.
ഡിസംബര്‍ 28നായിരുന്നു ശ്രീകാര്യത്ത് അപകടം നടന്നത്. രേഷ്മയും കുഞ്ഞും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിലേക്ക് കാര്‍ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ രേഷ്മയും കുഞ്ഞും തെറിച്ചുവീണു. അപകടത്തിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച കാറുടമയെ അതുവഴി ബൈക്കില്‍ വരികയായിരുന്ന യുവാക്കള്‍ തടഞ്ഞു. ആശുപത്രിയില്‍ എത്തിക്കണമെന്ന് പറഞ്ഞ് അവര്‍ ബഹളം വച്ചതായി രേഷ്മ പറയുന്നു.
കാറില്‍ കയറിയ തന്നോട് കാറിലുണ്ടായിരുന്ന സ്ത്രീ വളരെ മോശമായാണ് പെരുമാറിയത്. കുട്ടിയെ നേരെ പിടിക്കണമെന്നും കാറില്‍ ബ്ലഡ് ആക്കരുതെന്നും പറഞ്ഞു. കുഞ്ഞിന്റെ മുഖം റോഡില്‍ ഉരഞ്ഞ് സാരമായ പരുക്കേറ്റിരുന്നു. സ്പീഡില്‍ പോകാമോ എന്ന് ചോദിച്ചപ്പോള്‍ തനിക്ക് ഇത്രയേ പറ്റൂ എന്നായിരുന്നു കാറുടമയുടെ പ്രതികരണം. പാതിവഴിയില്‍ വണ്ടി നിര്‍ത്തി തന്നോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുഞ്ഞുമായി വാഹനത്തില്‍ നിന്ന് ഇറങ്ങി. അയ്യപ്പന്‍ എന്ന ഓട്ടോ ഡ്രൈവര്‍ ഇടപെട്ടാണ് തങ്ങളെ ആശുപത്രിയില്‍ എത്തിച്ചതെന്നും രേഷ്മ വ്യക്തമാക്കി. കെ എല്‍ 24 റ്റി 0132 എന്ന നമ്പറിലുള്ള വെള്ള മാരുതി ഡിസയര്‍ കാറാണ് യുവതിയെ ഇടിച്ചുവീഴ്ത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവം സംഭവിച്ച പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.