അഭിഭാഷകനെ അപമാനിച്ച സംഭവം; സിഡ്‌കോ ചെയര്‍മാനെതിരേ കേസെടുത്തു
നിയാസ് പുളിക്കലകത്ത് അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവിക്കെതിരെ വാസ്തവ വിരുദ്ധമായതും അപകീര്‍ത്തികരവുമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.
മലപ്പുറം: കേരള ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവിയെ അപമാനിച്ചതിന് പരപ്പനങ്ങാടി പോലിസ് കേരള സംസ്ഥാന സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്തിനെതിരെ കേസെടുത്തു. സ്വന്തം ഉടമസ്ഥതയിലില്ലാത്ത ഭൂമി നിയമപരമല്ലാത്ത രേഖകള്‍ പ്രകാരം കോടികള്‍ തട്ടിയെടുക്കാനുള്ള നിയാസ് പുളിക്കലകത്തിന്റെ നീക്കത്തിനെതിരെ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി നിയമോപദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നിയാസ് പുളിക്കലകത്ത് അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവിക്കെതിരെ വാസ്തവ വിരുദ്ധമായതും അപകീര്‍ത്തികരവുമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ നിയാസ് പുളിക്കലകത്ത് നടത്തുന്ന നിയമ വിരുദ്ധമായ ഭൂമികച്ചവടങ്ങള്‍ക്കെതിരെ കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത സിവില്‍ റിട്ട്. പെറ്റീഷന്‍ 30822/19 നമ്പര്‍ കേസില്‍ ഹരജിക്കാരന് വേണ്ടി അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി കേരള ഹൈക്കോടതിയില്‍ ഹാജറാവുന്നതും സിഡ്‌കോ ചെയര്‍മാനെ പ്രകോപിപ്പിച്ചിരുന്നു.