അരിയില്‍ ഷൂക്കൂര്‍ വധം: സമ്മര്‍ദ്ദത്തിലാക്കി വിഎസ്; കരുതലോടെ സിപിഎം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സിബിഐയുടെ നീക്കം സിപിഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കി. ജയരാജന് മേല്‍ കൊലക്കുറ്റവും ഗൂഡാലോചനയും ടി വി രാജേഷിന് മേല്‍ ഗുഡാലോചനയുമാണ് സിബിഐ ചുമത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കരുതലോടെ മുന്നോട്ടുപോവാനാണ് സിപിഎം തീരുമാനം. വിഷയത്തില്‍ പരസ്യപ്രതികരണം നല്‍കുന്നതില്‍ നേതാക്കള്‍ നിയന്ത്രണം പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Update: 2019-02-12 06:34 GMT

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എയ്ക്കുമെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത് രാഷ്ട്രീയപ്രേരിതമെന്ന് സിപിഎം ആരോപണത്തിനിടെ നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കി മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായി വി എസ് അച്യുതാനന്ദന്‍ രംഗത്ത്. അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ അന്വേഷണത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് ശരിയായ രീതിയില്‍ പോകാന്‍ വിടണമെന്ന് വിഎസ് പ്രതികരിച്ചു. കുറ്റപത്രം രാഷ്ട്രീയപ്രേരിതമാണോ എന്ന ചോദ്യത്തിനായിരുന്നു വിഎസിന്റെ പ്രതികരണം.

നിയമത്തെ നിയമത്തിന്റെ വഴിക്ക് ശരിയായ രീതിയില്‍ പോകാന്‍ വിടണം. അതാണ് നല്ലതെന്നും വിഎസ് പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയപ്രേരിതമായി ഇത്തരം കോപ്രായങ്ങള്‍ കാണിക്കുകയാണെന്നാണ് ഇതേ വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത്. ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും ഇടപെടലിനെ തുടര്‍ന്ന് സിബിഐ രാഷ്ട്രീയക്കളി കളിക്കുകയാണെന്നും കോടിയേരി പ്രതികരിച്ചിരുന്നു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സിബിഐയുടെ നീക്കം സിപിഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കി. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ 32, 33 പ്രതികളായാണ് ഇരുവരേയും സിബിഐ പ്രതി ചേര്‍ത്തിട്ടുള്ളത്. ജയരാജന് മേല്‍ കൊലക്കുറ്റവും ഗൂഡാലോചനയും ടി വി രാജേഷിന് മേല്‍ ഗുഡാലോചനയുമാണ് സിബിഐ ചുമത്തിയിട്ടുള്ളത്. പ്രതികളില്‍ ഒരാള്‍ നിയമസഭാംഗവും മറ്റൊരാള്‍ പാര്‍ട്ടിയുടെ സമുന്നത നേതാവും ആണെന്നതാണ് സിപിഎമ്മിന് തിരിച്ചടിയായത്. ഈ സാഹചര്യത്തില്‍ കരുതലോടെ മുന്നോട്ടുപോവാനാണ് സിപിഎം തീരുമാനം.

വിഷയത്തില്‍ പരസ്യപ്രതികരണം നല്‍കുന്നതില്‍ നേതാക്കള്‍ നിയന്ത്രണം പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ നിന്ന് പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ തുടര്‍നടപടികളെ സംബന്ധിച്ചും പാര്‍ട്ടി നിയമോപദേശം തേടിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ തുടര്‍ സാധ്യതകളുണ്ടോയെന്നാണ് സിപിഎം ആരായുന്നത്. സിബിഐയുടെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് സിപിഎം വ്യക്തമാക്കുമ്പോഴും കേസിനെ എങ്ങനെ പ്രതിരോധിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. കണ്ണൂരില്‍ പി ജയരാജനുള്‍പ്പെട്ട സിബിഐ അന്വേഷണത്തില്‍ കുരുക്ക് മുറുകുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകക്കേസാണിത്. കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന്‍ 25ാം പ്രതിയാണ്.  

Tags:    

Similar News