തോല്‍വിയില്‍ തൊടുന്യായം കണ്ടെത്തരുത്; ജനങ്ങളിലേക്കിറങ്ങണമെന്ന് വി എസ്
ഇടതുപക്ഷം ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. തോല്‍വിക്ക് തൊടുന്യായം കണ്ടെത്തുന്നത് ശരിയല്ല. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പരിമിതപ്പെടരുതെന്നും വി എസ് ചൂണ്ടിക്കാട്ടി.
ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ എല്‍ഡിഎഫിനെയും സിപിഎം സംസ്ഥാന നേതൃത്വത്തെയും തിരുത്തി മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍. ഇടതുപക്ഷം ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. തോല്‍വിക്ക് തൊടുന്യായം കണ്ടെത്തുന്നത് ശരിയല്ല. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പരിമിതപ്പെടരുതെന്നും വി എസ് ചൂണ്ടിക്കാട്ടി.
ഹരിപ്പാട് ചെങ്ങളത്ത് രാമകൃഷ്ണപിള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു വി എസ്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനും തിരിച്ചുവരവിനും ത്യാഗപൂര്‍ണമായ രാഷ്ട്രീയത്തിന്റെ പിന്‍മുറക്കാരായി ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ മറ്റ് കുറുക്കുവഴികളില്ല. ശബരിമല യുവതീപ്രവേശനം തോല്‍വിക്ക് കാരണമെന്നാണ് പൊതുവിലയിരുത്തല്‍. തോല്‍വിക്ക് ഇടതുപക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും വി എസ് വ്യക്തമാക്കി. ദുരാചാരങ്ങളുള്ള കാലത്തെല്ലാം ഇടതുപക്ഷം മുന്നേറുകയാണ് ചെയ്തത്.
യാഥാസ്ഥിതികത്വം നിഷ്പ്രഭമാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇപ്പോള്‍ കഴിയുന്നുന്നില്ലെന്നും വി എസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, പാര്‍ട്ടിക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചുകൊണ്ടുള്ള വി എസ്സിന്റെ മൂന്നുപേജുള്ള കത്ത് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ വിതരണം ചെയ്തു. പാര്‍ട്ടിയുടെ നിലവിലെ പോക്കില്‍ രൂക്ഷവിമര്‍ശനം രേഖപ്പെടുത്തുന്നതാണ് വി എസ്സിന്റെ കത്ത്. കേരളത്തില്‍ പാര്‍ട്ടി ജനങ്ങളില്‍നിന്ന് അകന്നത് പരിശോധിക്കണമെന്ന് വി എസ് കത്തില്‍ ആവശ്യപ്പെടുന്നു. പാര്‍ട്ടി അതിന്റെ നയപരിപാടികളില്‍നിന്ന് വ്യതിചലിച്ചെന്ന് കുറ്റപ്പെടുത്തുന്നതാണ് വി എസ്സിന്റെ കത്ത്.