രാസവസ്തു കുടിപ്പിച്ച് ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച കേസ്: അന്വേഷണം ഏറ്റെടുത്ത് സിബിഐ
കൊച്ചി: രാസവസ്തു നല്‍കി ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് സിബിഐ അന്വേഷിക്കും. എറണാകുളം ചോറ്റാനിക്കര പോലിസ് രജിസ്റ്റര്‍ ചെയ്ത കേസാണ് സിബിഐ ഏറ്റെടുത്തത്. സംഭവത്തില്‍ ഭര്‍ത്താവിനെതിരേ സിബിഐ കേസെടുത്തു. കാനഡയില്‍ വച്ച് ശ്രുതി സുരേഷ് എന്ന മലയാളിയായ യുവതിയെ ഭര്‍ത്താവ് ശ്രീകാന്ത് മേനോന്‍ ക്രൂരമായി പീഡിപ്പിച്ചെന്നും രാസവസ്തു നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് കേസ്. ചോറ്റാനിക്കര സ്വദേശി ശ്രുതി സുരേഷാണ് ഭര്‍ത്താവ് കൊടുങ്ങല്ലൂര്‍ സ്വദേശി ശ്രീകാന്ത് മേനോനെതിരേ പരാതി നല്‍കിയത്.
കാനഡയില്‍ വച്ച് ഭര്‍ത്താവ് ക്രൂരപീഡനം നടത്തിയതില്‍ ചോറ്റാനിക്കര പോലിസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സിബിഐ ഏറ്റെടുത്തത്. തുടക്കം മുതല്‍തന്നെ പോലിസ് കേസില്‍ കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്ന പരാതി യുവതിയുടെ കുടുംബത്തിന്റെ ഭാഗത്തുനിന്നുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. കേസിലെ എഫ്‌ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. കാനഡയില്‍ വച്ച് ഡ്രെയ്‌നേജ് പൈപ്പുകളിലെ മാലിന്യം കളയാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ശ്രീകാന്ത് മേനോന്‍ ഭാര്യ ശ്രുതിയുടെ വായിലൊഴിച്ചത്.
ഇതെത്തതുടര്‍ന്ന് യുവതിയുടെ അന്നനാളവും, ശ്വാസനാളവുമടക്കം കരിഞ്ഞുപോയിരുന്നു. 2018ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 2020ല്‍ ശ്രുതി ഭര്‍ത്താവിനൊപ്പം കാനഡയിലെത്തി. ലഹരിക്കടിമയായ ഭര്‍ത്താവ് ഇവിടെ വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നും ഡ്രെയ്‌നേജ് പൈപ്പുകളിലെ മാലിന്യം നീക്കാന്‍ ഉപയോഗിക്കുന്ന ഡിആര്‍എന്‍ഒ എന്ന രാസവസ്തു കുടിപ്പിച്ചെന്നുമാണ് പരാതി. ശ്രുതി മദ്യം കുടിക്കാന്‍ വിസമ്മതിച്ചതില്‍ പ്രകോപിതനായാണ് ഭര്‍ത്താവ് ശ്രീകാന്ത് രാസവസ്തു നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ യുവതി നാട്ടിലെത്തി ചികില്‍സ തേടുകയായിരുന്നു.
ഇയാള്‍ ശ്രുതിയെ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ക്രൂരമായി മര്‍ദ്ദിച്ച് ഒടുവില്‍ ഗര്‍ഭം അലസിപ്പിക്കുകയുമായിരുന്നു. ഒന്നാം വിവാഹ വാര്‍ഷികത്തില്‍ യുവതിയെ കൊലപ്പെടുത്താന്‍ ഇയാള്‍ കാറപകടമുണ്ടാക്കാന്‍ ശ്രമിച്ചു. അതോടൊപ്പം നിരവധി തവണ യുവതിയുടെ ശരീരത്തില്‍ മാരകമായ ലഹരി മരുന്നുകള്‍ കുത്തിവയ്ക്കുകയും ചെയ്തു. കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകളുടെ സഹായത്തോടെയാണ് ശ്രുതിയുടെ ഇപ്പോഴത്തെ ജീവിതം. ഇപ്പോഴും യുവതിക്ക് സംസാരശേഷി വീണ്ടെടുക്കാനായിട്ടില്ല.
ശ്രുതിയുടെ 75 പവന്‍ സ്വര്‍ണം ഭര്‍ത്താവ് തട്ടിയെടുത്തെന്നും പരാതിയുണ്ട്. രാസവസ്തു സ്വയം കുടിച്ച് ആത്മഹത്യചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് കാനഡ പോലിസിന് ശ്രുതി അന്ന് നല്‍കിയ മൊഴി. എന്നാല്‍, ഭര്‍ത്താവിന്റെ ഭീഷണിയെ തുടര്‍ന്നാണ് അത്തരത്തിലൊരു മൊഴി നല്‍കിയതെന്ന് ശ്രുതി നാട്ടിലെത്തിയതിന് ശേഷം പോലിസിനോട് വ്യക്തമാക്കി. നാട്ടിലേക്ക് ജീവനോടെ തിരികെയെത്തണമെന്ന ആഗ്രഹം കൊണ്ടാണ് ഭര്‍ത്താവിനെതിരേ മൊഴി നല്‍കാതിരുന്നതെന്നും ശ്രുതി പറഞ്ഞു. നാട്ടിലെത്തിയതിന് പിന്നാലെയാണ് യുവതി പോലിസില്‍ പരാതി നല്‍കുന്നത്. എന്നാല്‍, ഭര്‍ത്താവ് വിദേശത്തായത് കൊണ്ട് തന്നെ അന്വേഷണത്തിന് പരിമിധികളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് യുവതിയുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.