ജാതി സെന്‍സസ് നടപ്പാക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തയ്യാറാവണം: ഫ്രറ്റേണിറ്റി പ്രക്ഷോഭ സംഗമം

Update: 2023-11-04 15:08 GMT

കൊച്ചി: സാമൂഹ്യനീതിയുടെ ജനസംഖ്യാനുപാതിക വിതരണം സാധ്യമാക്കാന്‍ ജാതി സെന്‍സസ് നടപ്പാക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ തയ്യാറാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മറ്റി കൊച്ചിയില്‍ സംഘടിപ്പിച്ച പ്രക്ഷോഭ സംഗമം. എറണാകുളം വഞ്ചി സ്‌ക്വയറില്‍ നടന്ന പ്രക്ഷോഭ സംഗമം മുന്‍മന്ത്രി നീല ലോഹിതദാസ നാടാര്‍ ഉദ്ഘാടനം ചെയ്തു. വോട്ട് ലഭിക്കുന്നതിന് പഠനങ്ങള്‍ നടത്താതെ മെയ്തി വിഭാഗത്തിനെ പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തിയ ബി.ജെ.പി നടപടിയാണ് മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പില്‍ വരുത്തുന്നതിലുള്ള സംഘ്പരിവാറിന്റെ ഭീതിയാണ് രഥയാത്രയിലും ബാബരി ധ്വംസനത്തിലും കലാശിച്ചത്. കേരളത്തില്‍ ഒ.ബിസികള്‍ക്ക് ഉപകാരപ്പെടുമായിരുന്ന നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് തടയാന്‍ എന്‍.എസ്.എസ് മായി ചേര്‍ന്ന് യു.ഡി.എഫ് ഉണ്ടാക്കിയ തട്ടിപ്പായിരുന്നു നരേന്ദ്രന്‍ പാക്കേജ് എന്നും അദ്ദേഹം പറഞ്ഞു.

ജാതി സെന്‍സസ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് യാതൊരു നിയമ തടസ്സവുമില്ലാതിരിക്കെ കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പി യുടെയും അതെ നിലപാട് തന്നെയാണ് കേരളത്തിലെ ഇടത്പക്ഷ ഗവണ്‍മെന്റും സ്വീകരിച്ചിരിക്കുന്നതെന്ന് സംഗമം അഭിപ്രായപ്പെട്ടു. ബീഹാര്‍ സര്‍ക്കാര്‍ പുറത്ത് വിട്ട ജാതി സെന്‍സസ് ഡാറ്റ എല്ലാ സംസ്ഥാനങ്ങളും അത് നടത്തേണ്ട അനിവാര്യതയാണ് ചൂണ്ടിക്കാണിക്കുന്നത്. ബീഹാര്‍ സര്‍ക്കാറിന്റെ രേഖകള്‍ അനുസരിച്ച് പിന്നോക്ക വിഭാഗത്തില്‍ 27.13 ശതമാനവും അതിപിന്നോക്ക വിഭാഗത്തില്‍ 36.01 ശതമാനവും ജനങ്ങളുള്ളപ്പോള്‍ മുന്നോക്ക വിഭാഗത്തില്‍ വെറും 15.52 ശതമാനം പേര്‍ മാത്രമാണ് ഉള്ളത്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 63 ശതമാനമാണ് മറ്റ് പിന്നാക്ക വിഭാഗങ്ങളും (ഒബിസി) അധിക പിന്നോക്ക വിഭാഗവും (ഇബിസി) എന്നത് ബീഹാറിലെ സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ചിത്രമാണ് വരച്ച് കാട്ടുന്നത്. കര്‍ണ്ണാടകയില്‍ കഴിഞ്ഞ സിദ്ധാരാമയ്യ സര്‍ക്കാരിന്റെ കാലത്ത് തന്നെ കാന്തരാജു കമ്മീഷന്‍ തയ്യാറാക്കിയ ജാതി സെന്‍സസ് റിപ്പോര്‍ട്ട് ഈ നവംബര്‍ മാസത്തോടെ അത് പുറത്ത് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജാതി രഹിത കേരളം എന്ന മുദ്രാവാക്യം മുഴക്കുന്ന ഇടത്പക്ഷത്തിന് ജാതി സെന്‍സസ് നടപ്പിലാക്കാന്‍ എന്താണ് തടസ്സം എന്ന് അവര്‍ വ്യക്തമാക്കണം. ഇന്ത്യന്‍ ജനതയുടെ 75 ശതമാനം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് ജാതി സെന്‍സസ് നടപ്പിലാക്കുക എന്നത്. ഭരണഘടനയുടെ സൂക്ഷ്മമായ പ്രയോഗത്തിനും സാമൂഹിക വിതരണത്തിലും ഭരണകൂട നടപടികളിലും സാമൂഹിക നീതി ഉറപ്പാക്കാനും ജാതി സെന്‍സ് അനിവാര്യമാണ്.

വ്യത്യസ്ത ജാതികള്‍ ഏതാണ്, വിവിധ ജാതികളുടെ സാമൂഹിക-സാമ്പത്തിക- തൊഴില്‍- വിദ്യാഭ്യാസ അവസ്ഥകള്‍, ഭരണകൂടത്തിന്റെ സേവനങ്ങള്‍ എത്താത്ത ജനവിഭാഗങ്ങള്‍, സാമൂഹിക അധികാരത്തിലും വിഭവ വിതരണത്തിലും നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ തുടങ്ങിയ സാമൂഹിക നീതിയുടെ വ്യത്യസ്ത മാനങ്ങളെ മനസ്സിലാക്കാന്‍ അത് സഹായിക്കും.

രാജ്യത്ത് സാമൂഹികാധികാരവും വിഭവാധികാരവും ആരാണ് കൈയടക്കി വെച്ചിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യത്തെ പുറത്ത് വിടാന്‍ ഭരണകൂടം തയ്യാറാകാത്തത് കൊണ്ടാണ് ജാതി സെന്‍സസ് എന്ന ആവശ്യത്തെ അവര്‍ നിരന്തരം നിരാകരിക്കുന്നത്. സംവരണം അര്‍ഹരായ ആളുകളിലേക്ക് എത്തണമെന്നും വിഭവങ്ങളും അധികാരവും സമൂഹത്തിലെ വ്യത്യസ് ജാതി വിഭാഗങ്ങള്‍ക്കിടയില്‍ തുല്യമായി വിതരണം ചെയ്യപ്പെടണമെന്നുമുള്ള രാഷ്ട്രീയ നിലപാട് സി.പി.എമ്മിന് ഉണ്ടെങ്കില്‍ ജാതി സെന്‍സസ് നടപ്പിലാക്കാന്‍ അവര്‍ തയ്യാറാകണം. ജാതി സെന്‍സസിന്റെ കാര്യത്തില്‍ ബി.ജെ.പി യുടെ അതേ നിലപാട് തന്നെയാണോ അവര്‍ക്കെന്ന് സി.പി.എം വ്യക്തമാക്കേണ്ടതുണ്ട്. അല്ലെങ്കില്‍, ബീഹാറിലെയും കര്‍ണ്ണാടകയും മാതൃകയില്‍ സെന്‍സസ് നടപ്പിലാക്കാന്‍ ഇടത് പക്ഷം തയ്യാറാകാണമെന്നും സംഗമം ആവശ്യപ്പെട്ടു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിന്‍ അധ്യക്ഷത വഹിച്ചു. ഡോ പി നസീര്‍ (ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍), സുദേഷ് എം രഘു(ആക്ടിവിസ്റ്റ്, സംവരണ വിദഗ്ദന്‍), അഡ്വ പയ്യന്നൂര്‍ ഷാജി (സംസ്ഥാന പ്രസിഡന്റ്, എംബിസിഎഫ് ), ചിത്ര നിലമ്പൂര്‍ (ആദിവാസി ഷെക്യ വേദി സംസ്ഥാന പ്രസിഡന്റ്), സുരേന്ദ്രന്‍ കരിപ്പുഴ (വെല്‍ഫെയര്‍ പാര്‍ട്ടി), റോയ് അറക്കല്‍ (എസ്.ഡി.പി.ഐ) എന്നിവര്‍ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ച്ചന പ്രജിത്ത് സ്വാഗതവും ജില്ല പ്രസിഡന്റ് അഡ്വ. അബ്ദുല്‍ ബാസിത്ത് നന്ദിയും പറഞ്ഞു.





Tags:    

Similar News