തിരുവനന്തപുരം: കോഴിക്കോട് സ്റ്റാര്‍ബക്‌സിന് മുന്നില്‍ ഫ്രറ്റേണിറ്റി നടത്തിയ ബഹിഷ്‌കരണാഹ്വാനത്തിനെതിരെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റി വെള്ളയമ്പലം സ്റ്റാര്‍ബക്‌സ് ഔട്ട്‌ലെറ്റിലേക്ക് ബഹിഷ്‌കരണാഹ്വാന സമരം സംഘടിപ്പിച്ചു.പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് അംജദ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വംശീയ ഉന്മൂലനത്തെ അനുകൂലിക്കുന്ന സ്റ്റാര്‍ബക്‌സ് പോലെയുള്ള കുത്തകഭീമന്മാരെ ബഹിഷ്‌കരിക്കണമെന്ന് പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് അംജദ് റഹ്‌മാന്‍ അഭിപ്രായപ്പെട്ടു.
ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ബിസിനസ് ബ്രാന്‍ഡുകള്‍ക്കെതിരായ ശക്തമായ പ്രതിഷേധം എല്ലായിടത്തും അലയടിക്കുന്നുണ്ട്.ഫലസ്തീന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യത്തില്‍ ബി ഡി എസ് മൂവ്‌മെന്റിന്റെ ഭാഗമായി നടത്തിയ ജനാധിപത്യ പ്രതിഷേധത്തെ കലാപാഹ്വാനമാക്കി ചിത്രീകരിക്കാനുള്ള പോലിസിന്റെ നടപടിയില്‍ കേരള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഫലസ്തീന്‍ ജനതയോടുള്ള കേരളത്തിന്റെ പൊതുവികാരത്തെ മനസ്സിലാക്കാനും മാനിക്കാനും സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് സാധിക്കാതെ പോകുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. ബി.ഡി.എസ് മൂവ്‌മെന്റിന്റെ ഭാഗമായി സ്റ്റാര്‍ ബക്‌സിനെ ബഹിഷ്‌കരിക്കാന്‍ ലോകാടിസ്ഥാനത്തില്‍ ആദ്യമായി തീരുമാനമെടുക്കുന്നത് സ്റ്റാര്‍ ബക്‌സിന്റെ തന്നെ തൊഴിലാളി യൂണിയനാണ്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ തന്നെ ലോക വേദിയായ ബി.ഡി.എസിനെ തന്നെ അപഹസിച്ച കേരള പോലിസിന്റെ വംശഹത്യാനുകൂല നിലപാടിനോട് കേരള സര്‍ക്കാരും ആഭ്യന്തര വകുപ്പും പൊതു സമൂഹത്തിന് മുന്നില്‍ വിശദീകരണം നല്‍കേണ്ടതുണ്ടെന്നും അംജദ് റഹ്‌മാന്‍ പറഞ്ഞു.അഡ്വ അലി സവാദ്,നിഷാത്,സൈദ് ഇബ്‌റാഹീം,നൂര്‍ഷ, ലമീഹ്, എന്നിവര്‍ നേതൃത്വം നല്‍കി.