പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വഞ്ചന: സെക്രട്ടേറിയറ്റിന് മുന്നില്‍ രമേശ് ചെന്നിത്തല ഇന്ന് ഉപവസിക്കും
ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളില്‍ യുഡിഎഫ് എംപിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ സത്യഗ്രഹം നടക്കും.
തിരുവനന്തപുരം: പ്രവാസികളോടുളള കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം അനുഷ്ഠിക്കും. ഇന്ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ഉപവാസം. ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളില്‍ യുഡിഎഫ് എംപിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ സത്യഗ്രഹം നടക്കും. രമേശ് ചെന്നിത്തലയുടെ ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് നേതാക്കളും സമരം നടത്തുമെന്ന് കണ്‍വീനര്‍ ബെന്നി ബെഹന്നാനാണ് അറിയിച്ചത്.
പ്രതിപക്ഷനേതാവിന്റെ ഉപവാസം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടിനെതിരേ പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളെ വഞ്ചിക്കുകയാണെന്നും കൊവിഡ് രോഗികള്‍ക്കായി പ്രത്യേക വിമാനമെന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് പ്രവാസികളെ മരണത്തിലേക്ക് തള്ളിവിടുകയേ ഉള്ളൂ. ഗള്‍ഫില്‍നിന്ന് മടങ്ങുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. വിമാനങ്ങളില്‍ രോഗലക്ഷണങ്ങളുള്ളവരും ഇല്ലാത്തവരും ഒന്നിച്ചുവന്നാല്‍ രോഗവ്യാപനമുണ്ടാവുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
എന്നാല്‍, വിമാനങ്ങളേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ ട്രെയിനുകളില്‍ വരുന്നുണ്ട്. അവര്‍ ഒന്നിച്ചുവരുമ്പോള്‍ വരുമ്പോള്‍ രോഗവ്യാപനമുണ്ടാവില്ലെന്നാണോ മുഖ്യമന്ത്രി കരുതുന്നത്. വിമാനങ്ങളിലെത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യുകയും ലക്ഷണങ്ങളുള്ളവരെ ചികില്‍സിച്ച് ഭേദപ്പെടുത്തുകയുമാണ് വേണ്ടത്. അല്ലാതെ അവരുടെ യാത്ര നിഷേധിക്കരുതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.