45 മീറ്റര്‍ ദേശീയപാത വികസനം: വ്യവസ്ഥകള്‍ പാലിക്കാതെഭൂമിയേറ്റെടുക്കുന്നുവെന്ന്;കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഹൈവേ അതോറിറ്റിയുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഒരു വിദഗ്ദ്ധ സംഘത്തെ നിയമിക്കാനും രാമനാട്ടുകര മുതല്‍ ഇടപ്പള്ളി വരെയുള്ള പദ്ധതിപ്രദേശത്ത് പരിശോധന നടത്താനും ട്രൈബൂണല്‍ ഉത്തരവിട്ടു
കൊച്ചി:പാരിസ്ഥിതിക ആഘാത അനുമതി ഇല്ലാതെയും പരിസ്ഥിതി-സാമൂഹിക ആഘാത പഠനം, പൊതു തെളിവെടുപ്പ് എന്നിവ നടത്താതെയുമാണ് സര്‍ക്കാര്‍ 45 മീറ്റര്‍ ദേശീയപാത വികസന പദ്ധതി നടപ്പിലാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി ദേശീയ ഹരിത ട്രൈബ്യൂണല്‍ ഫയലില്‍ സ്വീകരിച്ചു.മലപ്പുറം സ്വദേശി മുഹമ്മദ് ജിഷാര്‍, എറണാകുളം സ്വദേശി കെ എസ് സക്കരിയ്യ, തൃശൂര്‍ സ്വദേശിനി ബീന എന്നിവര്‍ അഡ്വ. ഹരീഷ് വാസുദേവന്‍ മുഖാന്തരം സമര്‍പ്പിച്ച ഹരജിയാണ് ഹരിതട്രൈബ്യൂണല്‍ ഫയലില്‍ സ്വകീരച്ചത്.
ഹരജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഹൈവേ അതോറിറ്റിയുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഒരു വിദഗ്ദ്ധ സംഘത്തെ നിയമിക്കാനും രാമനാട്ടുകര മുതല്‍ ഇടപ്പള്ളി വരെയുള്ള പദ്ധതിപ്രദേശത്ത് പരിശോധന നടത്താനും ട്രൈബൂണല്‍ ഉത്തരവിട്ടു. ഹരജിയില്‍ ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങള്‍ സംബന്ധിച്ച് ജനുവരി 7ന് മുമ്പായി റിപ്പോര്‍ട്ട് ചെയ്യണമെന്നും ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതോ 40മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുപ്പ് ആവശ്യമായതോ ആയ ദേശീയപാത വീതികൂട്ടല്‍ പദ്ധതികള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി, പരിസ്ഥിതി-സാമൂഹിക ആഘാത പഠനം, പൊതു തെളിവെടുപ്പ് എന്നിവ നിര്‍ബന്ധമാണെന്ന് 2013 ലെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ ഭേദഗതി നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. മേല്‍പ്പറഞ്ഞ വ്യവസ്ഥകളൊന്നും പാലിക്കാതെ നിര്‍ബന്ധപൂര്‍വം ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ അടിച്ചേല്‍പ്പിക്കുന്നതായി ഹരജിക്കാര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.167 കിലോമീറ്ററാണ് രാമനാട്ടുകര മുതല്‍ ഇടപ്പള്ളി വരെയുള്ള പദ്ധതിയില്‍ ഉള്ളത്