സിസ്റ്റര്‍ അഭയ കേസ് പ്രതികള്‍ക്ക് പരോള്‍; വിശദീകരണം തേടി സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് പരോള്‍ അനുവദിച്ച നടപടി ചോദ്യം ചെയ്ത് അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹരജി നല്‍കിയത്

Update: 2021-07-12 11:21 GMT

കൊച്ചി: സിസ്റ്റര്‍ അഭയ കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ വിശദീകരണം തേടി സര്‍ക്കാരിനും ജയില്‍ ഡിജിപിക്കും ഹൈക്കോടതി നോട്ടിസയച്ചു.അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹരജി നല്‍കിയത്. ലോക്ഡൗണുമായി ബന്ധപ്പെട്ടു നിശ്ചിത പ്രായപരിധിയിലുള്ളവര്‍ക്ക് പരോള്‍ അനുവദിച്ചു ജയില്‍ മോചിതരായെങ്കിലും അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത് നിയമവിരുദ്ധമാണെന്നു ഹരജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു.

കേസിലെ മറ്റു എതിര്‍ കക്ഷികളായ തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്, അട്ടകുളങ്ങര വനിത ജയില്‍ സൂപ്രണ്ട്, തിരുവനന്തപുരം സിബിഐ സ്‌പെഷ്യല്‍ ക്രൈം യൂനിറ്റ് എസ്പി, പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചു.അഭയ കേസില്‍ ഇരട്ട ജീവപര്യന്തം കഠിന തടവിനും, ജീവപര്യന്തം കഠിന തടവിനും കോടതി ശിക്ഷിച്ച, പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് കഴിഞ്ഞ മെയ് 11 നാണ് 90 ദിവസത്തെ പരോള്‍ അനുവദിച്ചത്.

സുപ്രീംക്കോടതി ഉത്തരവ് പ്രകാരം, ജയില്‍ ഹൈപവര്‍ കമ്മിറ്റി 10 വര്‍ഷത്തില്‍ താഴെ ശിക്ഷിച്ച പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചിട്ടുള്ളതെന്നു ഹരജിക്കാരന്‍ കോടതിയില്‍ വാദിച്ചു. അഭയ കേസിലെ പ്രതികളെ ജീവപര്യന്തം കഠിനതടവിന് തിരുവനന്തപുരം സിബിഐ കോടതി ശിക്ഷിച്ച്, 5 മാസം തികച്ച് ജയിലില്‍ കിടക്കുന്നതിന് മുന്‍പാണ്, പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ഹരജിയില്‍ കുറ്റപ്പെടുത്തി.

Tags:    

Similar News