ഹജ്ജ് 2022 : ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ വനിതാ തീര്‍ഥാടകര്‍ക്ക് നാല് പ്രത്യേക വിമാനങ്ങള്‍

ലേഡീസ് വിത്തൗട്ട് മെഹ്‌റം വിഭാഗത്തില്‍പെട്ട തീര്‍ഥാടകരാണ് ഈ ദിവസങ്ങളില്‍ യാത്രയാവുന്നത്.

Update: 2022-06-06 10:57 GMT

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനു പുറപ്പെടുന്ന വനിതകള്‍ക്കു പ്രത്യേകമായി ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ നാല് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ലേഡീസ് വിത്തൗട്ട് മെഹ്‌റം വിഭാഗത്തില്‍പെട്ട തീര്‍ഥാടകരാണ് ഈ ദിവസങ്ങളില്‍ യാത്രയാവുന്നത്. ബുധനാഴ്ച രാവിലെ 7.30 നു പുറപ്പെടുന്ന എസ് വി 5311 വിമാനത്തിലും രാത്രി 10.30 നു പുറപ്പെടുന്ന എസ് വി 5715 നമ്പര്‍ വിമാനത്തിലും വ്യാഴാഴ്ച ഉച്ചക്ക് ശേഷം 2.50 നു പുറപ്പെടുന്ന എസ് വി 5753 വിമാനത്തിലും വെള്ളിയാഴ്ച രാവിലെ 6.10 നു പുറപ്പെടുന്ന എസ് വി 5745 നമ്പര്‍ വിമാനത്തിലുമാണ് വനിതാ തീര്‍ഥാടകരുടെ യാത്ര. ഇവരുടെ കൂടെ യാത്രയാവുന്നതും വനിതാ വോളണ്ടിയര്‍മാരാണ്.

ബുധനാഴ്ച പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലെ തീര്‍ഥാടകര്‍ ഇന്ന് ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കുള്ള മെനിഞ്ചൈറ്റിസ് വാക്‌സിനേഷന്‍, രേഖകളുടെ കൈമാറ്റം എന്നിവ ഇന്നും നാളെയുമായി നടക്കും.വരും ദിവസങ്ങളില്‍ കൂടുതലായി വനിതാ തീര്‍ഥാടകര്‍ പുറപ്പെടുന്നതിനാല്‍ ക്യാംപില്‍ ഇവര്‍ക്കാവശ്യമായ കുടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. താമസം, ഭക്ഷണം, നിസ്‌കാരം, പ്രാഥമികാവശ്യങ്ങള്‍ തുടങ്ങിയവക്കാവശ്യമായ പ്രത്യേക ക്രമീകരണമാണ് ക്യാംപില്‍ ഒരുക്കിയിട്ടുള്ളത്. ഇതിനായി കുടുതല്‍ വനിതാ വോളണ്ടിയര്‍മാരും സേവനത്തിനുണ്ടാവും.

ഇന്ന് രാത്രി 11.20 നു പുറപ്പെടുന്ന എസ് വി 5709 വിമാനത്തില്‍ പുറപ്പെടുന്ന തീര്‍ഥാടകരുടെ യാത്രയയപ്പ് പ്രാര്‍ത്ഥനാ സംഗമം മഗ് രിബ് നിസ്‌കാര ശേഷം നടക്കും. ഭക്ഷണ ശേഷം 8 മണിയോടെ എയര്‍പോര്‍ട്ടിലേക്ക് തിരിക്കും.181 പുരുഷന്മാരും196 സ്ത്രീകളുമാണ് ഈ വിമാനത്തില്‍ യാത്രയാവുന്നത്. സഊദി സമയം പുലര്‍ച്ചെ 2.40 നു മദീനയിലെത്തും. നാളത്തെ വിമാനം (എസ് വി 5711) ഉച്ചക്ക് ഒരു മണിക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെട്ട് സഊദി സമയം വൈകുന്നേരം 4.20 ന് മദീനയിലെത്തും.

Tags:    

Similar News