കെടുതികള്‍ നിറഞ്ഞ കാലത്ത് ഹജ്ജ് വിളംബരം ചെയ്യുന്ന സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഏറെ പ്രസക്തം: ഡോ. എം പി അബ്ദുസ്സമദ് സമദാനി എംപി
വൈരവും വിദ്വേഷവും അകല്‍ച്ചയും സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാന്‍ സമൂഹത്തില്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പരസ്പര ബന്ധങ്ങളെ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു
കൊച്ചി: കെടുതികളും കാലുഷ്യങ്ങളും നിറഞ്ഞ കാലത്ത് ഹജ്ജ് വിളംബരം ചെയ്യുന്ന സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഏറെ പ്രസക്തമാണെന്ന് ഡോ. എം പി അബ്ദുസ്സമദ് സമദാനി എംപി . നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ തീര്‍ഥാടകര്‍ക്ക് യാത്രാ മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈരവും വിദ്വേഷവും അകല്‍ച്ചയും സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാന്‍ സമൂഹത്തില്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പരസ്പര ബന്ധങ്ങളെ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.
പ്രവാചകന്‍ മുഹമ്മദ് നബി പഠിപ്പിച്ച ധാര്‍മ്മികവും നൈതികവുമായ സരണിയിലൂടെ സഞ്ചരിച്ചുകൊണ്ടും തിരുനബി പഠിപ്പിച്ച തത്വങ്ങളും മൂല്യങ്ങളും പിന്‍പറ്റിക്കൊണ്ടും ജീവിച്ചു കൊണ്ട് മുന്‍പ്രവാചകന്മാരിലും ദൈവദൂതന്മാരിലും വിശ്വസിക്കണമെന്നും അവരെ ആദരിക്കണമെന്നുമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.ഹജ്ജിന്റെ തത്വങ്ങളും അനുഷ്ഠാനങ്ങളും തന്നെ മുന്‍പ്രവാചകന്‍ ഇബ്രാഹിം നബിയുടെ ജീവിത മാതൃകകളുമായി ബന്ധപ്പെട്ടതാണെന്നും അദ്ദഹം ഓര്‍മ്മിപ്പിച്ചു.
എല്ലാവരെയും ഉള്‍ക്കൊള്ളാനും പരസ്പരം ആദരിക്കാനുമുള്ള വിശാലമായ മനസ്സാണ് മതം സൃഷ്ടിക്കുന്നത്. ഏകമാനവതയുടെ പ്രഖ്യാപനമാണ് ഹജ്ജിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്. വംശീയവും വര്‍ഗ്ഗീയവും ദേശീയവുമായ വ്യത്യാസങ്ങള്‍ക്കതീതമാണ് മാനവസാഹോദര്യം. ഓരോരോ കാരണങ്ങളുടെ പേരില്‍ മനുഷ്യരാശിക്കിടയില്‍ വ്യത്യാസങ്ങളും വിവേചനങ്ങളും കല്‍പ്പിക്കുന്നതിനെ നിരാകരിക്കുകയാണ് മതം ചെയ്യുന്നത്. സകല മനുഷ്യരും ഒരേ മനുഷ്യ കുലത്തിലെ സന്തതികളാണെന്ന ബോധം കൂടുതല്‍ ശക്തിമത്തായി വളര്‍ത്തിയെടുക്കേണ്ടതുണ്ട്. തിരുനബിയോടുള്ള സ്‌നേഹാതിരേകമാണ് ഹജ്ജിന്റെ ആത്മാവ്.
ഹജ്ജ് ചെയ്യുന്ന സഹോദരീ സഹോദരന്മാര്‍ അതിന്റെ ഓരോ ചടങ്ങിലും ദൈവസ്മരണ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് പ്രവാചകമാതൃകയെ പിന്‍പറ്റുന്നു. തിരുനബിയുടെ വ്യക്തിത്വത്തോടുള്ള സ്‌നേഹവികാരത്താല്‍ ദാഹിക്കുന്ന ഹൃദയങ്ങള്‍ക്കുള്ള ആശ്വാസമാണ് ഹജ്ജ്. കപ്പലിന് വേണ്ടി തിരകള്‍ അലയടിക്കുന്നത് മക്ക, മദീന നഗരികള്‍ക്ക് വേണ്ടി ഹൃദയങ്ങളില്‍ സ്‌നേഹവികാരങ്ങള്‍ അലയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, മെമ്പര്‍ പി ടി അക്ബര്‍ താനൂര്‍, തൊയിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, മുസമ്മില്‍ ഹാജി, തളീക്കര സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍, അസീസ് സഖാഫി, അസി. സെക്രട്ടറി എന്‍ മുഹമ്മദലി, ഹജ്ജ് സെല്‍ ഓഫീസര്‍ എസ് നജീബ്, യുസുഫ് പടനിലം, കോര്‍ഡിനേറ്റര്‍ മുഹമ്മദ് അഷ്‌റഫ് സംസാരിച്ചു.