ആര്‍സിഇപി വ്യാപാരക്കരാര്‍ ഒപ്പിടുന്നതില്‍ നിന്നു കേന്ദ്രം പിന്മാറണം: മുഖ്യമന്ത്രി

Update: 2019-10-14 14:45 GMT

തിരുവനന്തപുരം: ആര്‍സിഇപി വ്യാപാരക്കരാര്‍ ഒപ്പിടുന്നതില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യങ്ങളെ ഹനിക്കുന്ന വ്യവസ്ഥകളടങ്ങിയതാണ് കരാറെന്നാണ് ഇതിനകം പുറത്തുവന്ന വിവരങ്ങള്‍. ആര്‍സിഇപി കരാര്‍ നടപ്പായാല്‍ കേരളത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖല വലിയ തകര്‍ച്ചയിലേക്ക് നീങ്ങും. ആസിയാന്‍ കരാര്‍ നടപ്പാക്കിയതിന്റെ ദൂഷ്യം കേരളത്തിലെ കര്‍ഷകര്‍ ഇപ്പോഴും അനുഭവിക്കുകയാണ്. റബര്‍, കുരുമുളക്, ഏലം തുടങ്ങിയ നാണ്യവിളകളുടെ വില തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ആര്‍സിഇപി കരാര്‍ നടപ്പാക്കിയാല്‍ കാര്‍ഷിക മേഖലയ്‌ക്കൊപ്പം, പാല്‍, മല്‍സ്യം തുടങ്ങിയ മേഖലകളും തകര്‍ച്ചയിലേക്ക് നീങ്ങും.

    കരാര്‍ സംബന്ധിച്ച് മതിയായ ചര്‍ച്ചകളുണ്ടായില്ലെന്നതു ആശങ്കപ്പെടുത്തുന്നതാണ്. കരാര്‍ ബാധിക്കാന്‍ ഇടയുള്ള സംസ്ഥാനങ്ങളുമായോ രാജ്യത്തെ രാഷ്ട്രീയ നേതൃത്വങ്ങളുമായോ ഒരു ചര്‍ച്ചയും നടന്നില്ല. കരാറിലെ വ്യവസ്ഥകള്‍ പരസ്യപ്പെടുത്തിയിട്ടില്ല. ജനങ്ങളുമായി തുറന്ന ചര്‍ച്ചക്ക് കേന്ദ്രം തയ്യാറാവണം. സംസ്ഥാനങ്ങളുടെ താല്‍പര്യം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ട കേന്ദ്രം കരാറിന്റെ കാര്യത്തില്‍ അത് പാലിക്കാത്തത് നിരാശാജനകമാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ ഇത്തരമൊരു കരാര്‍ ഒപ്പിടുന്നത് സാമ്പത്തിക നില കൂടുതല്‍ വഷളാവാനേ കാരണമാവൂ. നമ്മുടെ നാട്ടിലെ സാധാരണക്കാരെയും കൃഷിക്കാരെയും ദുരിതത്തിലാക്കുന്ന വ്യാപാര കരാറിനെതിരേ കടുത്ത പ്രതിഷേധം ഉയര്‍ന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Tags:    

Similar News