ചാനലുകള്‍ക്ക് വിലക്ക്: സമ്പൂര്‍ണ ഫാഷിസ്റ്റുവല്‍ക്കരണത്തിന്റെ ലക്ഷണമെന്ന് പോപുലര്‍ ഫ്രണ്ട്

ഒരു പ്രത്യേക സമുദായത്തിന്റെ ആരാധനാലയങ്ങള്‍ നശിപ്പിച്ചത് റിപോര്‍ട്ട് ചെയ്തു, ആര്‍എസ്എസ്സിന്റെയും പോലിസിന്റെയും സമീപനത്തെ വിമര്‍ശിച്ചു, പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരെ വിമര്‍ശിച്ചു തുടങ്ങിയ കാരണങ്ങളാണ് ചാനല്‍ സംപ്രേഷണം നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നത്.

Update: 2020-03-06 18:00 GMT

കോഴിക്കോട്: ആര്‍എസ്എസ് ഡല്‍ഹിയില്‍ നടത്തിയ മുസ്‌ലിം വംശഹത്യ റിപോര്‍ട്ട് ചെയ്തതിന് മലയാളം വാര്‍ത്താ ചാനലുകളായ മീഡിയാവണ്‍, ഏഷ്യാനെറ്റ് എന്നിവയ്ക്ക് സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ തീരുമാനം ജനാധിപത്യവിരുദ്ധവും അങ്ങേയറ്റത്തെ ഫാഷിസ്റ്റ് നടപടിയുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍.

ഒരു പ്രത്യേക സമുദായത്തിന്റെ ആരാധനാലയങ്ങള്‍ നശിപ്പിച്ചത് റിപോര്‍ട്ട് ചെയ്തു, ആര്‍എസ്എസ്സിന്റെയും പോലിസിന്റെയും സമീപനത്തെ വിമര്‍ശിച്ചു, പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരെ വിമര്‍ശിച്ചു തുടങ്ങിയ കാരണങ്ങളാണ് ചാനല്‍ സംപ്രേഷണം നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നത്.

ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകര പ്രസ്ഥാനമായ ആര്‍എസ്എസ്സിനെ വിമര്‍ശിക്കുന്നതും പോലിസും ആര്‍എസ്എസ്സും ചേര്‍ന്ന് മുസ്‌ലിംകളെ ഏകപക്ഷീയമായി വേട്ടയാടിയത് റിപോര്‍ട്ട് ചെയ്യുന്നതും പാടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ പറയുന്നത്. ആര്‍എസ്എസ് അക്രമത്തെ വിമര്‍ശിക്കുന്നത് അസ്വസ്ഥതയായി പറയുന്ന കേന്ദ്രസര്‍ക്കാര്‍ പരസ്യമായി അക്രമത്തെ ന്യായീകരിക്കുകയോ അക്രമികള്‍ക്ക് പിന്തുണ നല്‍കുകയോ ആണ് ചെയ്യുന്നത്. ഇത് ഗൗരവതരമാണ്.

ജനാധിപത്യ അവകാശങ്ങളെയും ഭരണഘടനാസ്ഥാപനങ്ങളെയും ഓരോന്നോരോന്നായി ഇല്ലാതാക്കുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണിത്. ഇത്തരം ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരേര ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. ആര്‍എസ്എസ് ഭീകരതയെ മുഖം നോക്കാതെ റിപോര്‍ട്ട് ചെയ്ത മീഡിയാ വണ്ണിനും ഏഷ്യാനെറ്റിനും ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. 

Tags:    

Similar News