ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ചാരായവാറ്റ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ബൂത്ത് ഓഫിസായി പ്രവര്‍ത്തിച്ച കെട്ടിടത്തിലാണ് ആര്‍എസ്എസ് പ്രാദേശിക നേതാവ് ഉള്‍പ്പെട്ട സംഘം ചാരായവാറ്റ് നടത്തിയിരുന്നത്.
ചെറുതുരുത്തി(തൃശൂര്‍): വെട്ടിക്കാട്ടിരിയിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ചാരായ വാറ്റ് പിടികൂടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ബൂത്ത് ഓഫിസായി പ്രവര്‍ത്തിച്ച കെട്ടിടത്തിലാണ് ആര്‍എസ്എസ് പ്രാദേശിക നേതാവ് ഉള്‍പ്പെട്ട സംഘം ചാരായവാറ്റ് നടത്തിയിരുന്നത്. കേസില്‍ ഒരാള്‍ അറസ്റ്റിലായി. ആറ്റൂര്‍ തെക്കേകരമ്മേല്‍ വീട്ടില്‍ സുരേഷ് ബാബു (34) ആണ് പിടിയിലായത്.
ചെറുതുരുത്തി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി എല്‍ ഷാജു, സബ് ഇന്‍സ്‌പെക്ടര്‍ എ കെ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചാരായ വാറ്റ് പിടികൂടിയത്. രണ്ടും മൂന്നും പ്രതികളും നിരവധി ക്രമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരുമായ ആര്‍എസ്എസ് ശാരീരിക് ശിക്ഷാ പ്രമുഖ് ബിബീഷ്, അയാളുടെ സഹോദരന്‍ അനീഷ് എന്നിവരെ പിടികൂടാനുണ്ട്. വ്യാജവാറ്റ് നടന്നുകൊണ്ടിരിക്കെയാണ് അറസ്റ്റ് നടന്നത്. നിരവധി വാറ്റുപകരണങ്ങള്‍ ഇവരില്‍ നിന്ന് പിടികൂടി.
സീനിയര്‍ സിപിഓമാരായ അരുണ്‍കുമാര്‍, സുധാകരന്‍, സിപിഒമാരായ സിംസണ്‍, ഫൈസല്‍, സാഗര്‍ ജോസഫ്, രഞ്ജിത്ത്, ഡ്രൈവര്‍ ജയരാജ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് വാറ്റുപകരണങ്ങള്‍ പിടിച്ചെടുത്തത്. ചെറുതുരുത്തി സിഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു.
പിടിച്ചെടുത്ത ചാരായം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. പ്രതിയേയും വാറ്റ് ഉപകരണങ്ങളും അടക്കം ചെറുതുരുത്തി പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. വടക്കാഞ്ചേരി മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.