നാടിന്റെ എല്ലാ ഭാഗങ്ങളിലും വികസനം സാധ്യമാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

സമൂഹത്തിലെ എല്ലാവരിലും വികസനത്തിന്റെ സ്പര്‍ശനം ഏല്‍ക്കണമെന്നും നാടിന്റെ എല്ലാ ഭാഗങ്ങളിലും വികസനം സാധ്യമാക്കണം എന്നതുമാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി

Update: 2020-12-30 10:30 GMT

കൊച്ചി: സാമൂഹ്യനീതിയില്‍ അധിഷ്ഠിതവും സര്‍വ്വതല സ്പര്‍ശിയുമായ വികസനമാണ് ഈ സര്‍ക്കാര്‍ തുടക്കംമുതല്‍ ലക്ഷ്യമിടുന്നതെന്നും ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവിധ നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് അടുത്ത തിരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായുള്ള ആശയ സംവാദനത്തിനായി സംഘടിപ്പിച്ച എറണാകുളം ജില്ലയിലെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ എല്ലാവരിലും വികസനത്തിന്റെ സ്പര്‍ശനം ഏല്‍ക്കണമെന്നും നാടിന്റെ എല്ലാ ഭാഗങ്ങളിലും വികസനം സാധ്യമാക്കണം എന്നതുമാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ നാലര വര്‍ഷക്കാലം ചരിത്രത്തില്‍ ഇതേവരെ ഉണ്ടാകാത്ത വിവിധ പ്രതിസന്ധികള്‍ ഒന്നിന് പുറകേ ഒന്നായി വന്നിട്ടും കേരളത്തിന്റെ വികസനം മികച്ചരീതിയില്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ സര്‍ക്കാരിന് സാധിച്ചു. പ്രകടനപത്രികയില്‍ അക്കമിട്ട് നിരത്തിയ 600 വാഗ്ദാനങ്ങളില്‍ 570 ഉം നടപ്പിലാക്കി, വര്‍ഷാവര്‍ഷം പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കാനും സാധിച്ചു. പ്രകടനപത്രികയ്ക്ക് പുറത്തുള്ള നൂറുകണക്കിന് വികസന പ്രവര്‍ത്തനങ്ങളും ഈ കാലയളവില്‍ സംസ്ഥാനത്ത് നടപ്പാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കൊവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചില്ലായിരുന്നെങ്കില്‍ നാല് വര്‍ഷത്തിനുള്ളില്‍ തന്നെ പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുവാന്‍ സാധിക്കുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ ജില്ലകളിലായി നടത്തുന്ന മുഖാമുഖം പരിപാടികളിലൂടെ സമാഹരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സദസില്‍ നിന്നുയര്‍ന്ന വിവിധ നിര്‍ദ്ദേശങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ഇടുക്കി ജില്ലയില്‍ നിശ്ചയിച്ചിരുന്ന മുഖാമുഖം പരിപാടി മറ്റൊരു ദിവസം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

എറണാകുളം ടി.ഡി.എം ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനു, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. മുരളി തുമ്മാരുകുടി, കെ എല്‍ മോഹനവര്‍മ്മ, സ്വാമി ശിവസ്വരൂപാനന്ദ, ബിഷപ്പ് മാര്‍ ഗ്രിഗോറിയോസ്, ബിഷപ്പ് മാര്‍ തിയോഡോസിയസ്, മുന്‍ എം പി പി രാജീവ്, കൊച്ചിമേയര്‍ എം അനില്‍കുമാര്‍, ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ, സി എന്‍ മോഹനന്‍, സത്യന്‍ മൊകേരി, എംഎല്‍എമാരായ എം സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, കെ ജെ മാക്‌സി പങ്കെടുത്തു.

Tags:    

Similar News