കുണ്ടന്നൂര്‍ മേല്‍പ്പാലം ജനങ്ങളോടുള്ള കരുതലിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി;പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം എട്ട് മാസത്തിനുളളില്‍ തീര്‍ക്കുമെന്ന് മന്ത്രി ജി സുധാകരന്‍
വലിയ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കുവരെ പാലത്തിനടിയിലൂടെ സുഗമമായി കടന്നു പോകാവുന്ന തരത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.2018 മാര്‍ച്ചില്‍ നിര്‍മ്മാണം ആരംഭിച്ച കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന് ധനസഹായം ഒരുക്കിയത് കിഫ്ബിയിലൂടെയാണ്. 88.87 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് 3.34 കോടി രൂപ ചെലവ് കുറച്ച് പൊതുമരാമത്ത് വകുപ്പ് 85 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭ്യമാക്കി
കൊച്ചി: കിഫ്ബി ധനസഹായത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ കുണ്ടന്നൂര്‍ മേല്‍പ്പാലത്തിലൂടെ ടോള്‍രഹിത യാത്ര സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുണ്ടന്നൂര്‍ മേല്‍പ്പാലം ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഇല്ലാതെയാണ് കുണ്ടന്നൂര്‍ പാലം നിര്‍മിച്ചത്. മേല്‍പ്പാലം യാഥാര്‍ഥ്യമായതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. പാലം ജനങ്ങളോടുള്ള സര്‍ക്കാരിന്റെ കരുതലിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.2018 മാര്‍ച്ചില്‍ നിര്‍മ്മാണം ആരംഭിച്ച കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന് ധനസഹായം ഒരുക്കിയത് കിഫ്ബിയിലൂടെയാണ്. 88.87 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് 3.34 കോടി രൂപ ചെലവ് കുറച്ച് പൊതുമരാമത്ത് വകുപ്പ് 85 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭ്യമാക്കി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പാലത്തിനിരുവശത്തും ഡൈവേര്‍ഷന്‍ റോഡുകള്‍ നിര്‍മ്മിച്ചു.
കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ മധ്യഭാഗത്തിന്റെ ഉയരം അഞ്ചര മീറ്ററില്‍ നിന്ന് ആറര മീറ്റര്‍ ആക്കി ഉയര്‍ത്തണമെന്ന ബിപിസിഎല്ലിന്റെ ആവിശ്യം പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചു.വലിയ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കുവരെ പാലത്തിനടിയിലൂടെ സുഗമമായി കടന്നു പോകാവുന്ന തരത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വൈറ്റിലയിലും അടങ്കല്‍ തുകയിലും കുറഞ്ഞ തുകയ്ക്കാണ് മേല്‍പ്പാലനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ഇല്ലാതെയാണ് ഈ പദ്ധതികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുള്ളത്. അടിസ്ഥാനസൗകര്യ വികസനത്തിന് മുന്തിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇരുപതിനായിരം കോടിരൂപ മുതല്‍ മുടക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പിലൂടെ മാത്രം യാഥാര്‍ഥ്യമാക്കി. കിഫ്ബിയിലൂടെ സംസ്ഥാനത്ത് യാഥാര്‍ഥ്യമാക്കിയത് പതിനായിരം കോടിയിലധികം രൂപയുടെ പദ്ധതികളാണ്. ബജറ്റില്‍ പ്രഖ്യാപിച്ച വികസന പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം പൂര്‍ത്തിയാക്കി.എല്ലാവര്‍ക്കും ശുദ്ധജലം ഉറപ്പാക്കുന്ന പദ്ധതിയും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള വിവിധ പദ്ധതികളും പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ വികസനം പാലം, റോഡ് എന്നിവയുടെ വികസനം മാത്രമല്ല എല്ലാ മേഖലയുടെയും വികസനമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ദേശീയ പാത 66ലെ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ സംസ്ഥാനാന്തര ഗതാഗതത്തിനും മുല്‍ക്കൂട്ടാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലര വര്‍ഷകാലയളവില്‍ പുതുതായി 400 ല്‍ അധികം പാലങ്ങളുടെ നിര്‍മാണം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം ആരംഭിച്ച എല്ലാ പാലങ്ങളുടെ നിര്‍മാണവും ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. പൊതുമരാമത്ത് വകുപ്പ് മാന്വല്‍ പാലിച്ചാണ് പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കി കാലതാമസമില്ലാതെയാണ് ജനങ്ങള്‍ക്ക് തുറന്ന് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. നൂറ് വര്‍ഷം കേടുപാടുകള്‍ വരാത്ത വിധം പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം എട്ട് മാസത്തിനുളളില്‍ തീര്‍ക്കും. ഇത് കേരളത്തിന്റെ നിര്‍മാണ ചരിത്രത്തില്‍ അത്ഭുതമാകും. ദേശീയപാത ആറുവരിയാക്കുന്നതിന്റെ നടപടികള്‍ സംസ്ഥാനത്ത് ആരംഭിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.