കാത്തിരിപ്പിന് വിരാമം; വൈറ്റില മേല്‍പാലം നാടിന് സമര്‍പ്പിച്ചു;സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അസ്വസ്ഥതയുള്ളവരാണ് കുത്തിത്തിരിപ്പിന് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി
സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാകുന്നതില്‍ ചിലര്‍ക്ക് അസ്വസ്ഥകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.നീതീപീഠത്തില്‍ ഉന്നത സ്ഥാനം അലങ്കരിച്ചവര്‍ ഇത്തരം ചെയ്തികള്‍ക്ക് കുടപിടിക്കുന്നതും ഉത്തരവാദിത്വമില്ലാതെ പ്രതികരിക്കുന്നതിലും സഹതപിക്കാന്‍ മാത്രമെ കഴിയുവെന്നും മുഖ്യമന്ത്രി പറഞ്ഞു
കൊച്ചി: കൊച്ചിയിലെ രൂക്ഷമായ ഗതാഗതകുരുക്കിന് പരിഹാരമായി നിര്‍മിച്ച വൈറ്റില മേല്‍പാലം നാടിന് സമര്‍പ്പിച്ചു.രാവിലെ ഒമ്പതു മണിയോടെ നടന്ന ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായിട്ടാണ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാകുന്നതില്‍ ചിലര്‍ക്ക് അസ്വസ്ഥകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.പാലത്തിന്റെ ഉദ്ഘാടം നടത്തുന്നതിന്റെ മുമ്പ് തന്നെ പാലം ബലമായി തുറന്നുകൊടുക്കാന്‍ ശ്രമിച്ച വി4 കൊച്ചിയുടെ പ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വിമര്‍ശിച്ചു.പ്രളയം,കൊവിഡ് ഉള്‍പ്പെടെ നേരിട്ട പ്രതിസന്ധികള്‍ക്കിടിയിലും ഇച്ഛാശക്തിയോടെയും ദീര്‍ഘവീക്ഷണത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും അതിലുപരി എന്‍ജിനീയറിംഗ് മികവോടെയുമാണ് വൈറ്റില മേല്‍പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസമുണ്ടാകുന്നതില്‍ അസ്വസ്ഥതപെടുന്ന ചിലര്‍ ഉണ്ട്.മുടങ്ങികിടന്ന ഒരു പദ്ധതി പ്രതിസന്ധികള്‍ തരണം ചെയ്ത് പൂര്‍ത്തീകരിച്ചപ്പോള്‍ കുത്തിത്തിരിപ്പുമായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അതിലൂടെ പ്രശ്‌സതി നേടുകയെന്ന തന്ത്രമാണ് ഇക്കൂട്ടര്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേവലം ചെറിയ ആള്‍ക്കൂട്ടം മാത്രാണിവര്‍. എന്നാല്‍ നീതീപീഠത്തില്‍ ഉന്നത സ്ഥാനം അലങ്കരിച്ചവര്‍ ഇത്തരം ചെയ്തികള്‍ക്ക് കുടപിടിക്കുന്നതും ഉത്തരവാദിത്വമില്ലാതെ പ്രതികരിക്കുന്നതിലും സഹതപിക്കാന്‍ മാത്രമെ കഴിയുവെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രോല്‍സാഹനം അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ വേണ്ടത് എന്ന് ചിന്തിക്കാന്‍ വേണ്ട വിവേകം ഇവര്‍ക്കുണ്ടാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.വൈറ്റില മേല്‍പാലം നിര്‍മാണത്തിന്റെ ഒരോഘട്ടത്തിലും നിരവധി പരിശോധനകള്‍ നടത്തിയിരുന്നുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ജി സുധാകരന്‍ പറഞ്ഞു.ഉദ്ഘാടനത്തിനു ശേഷം മന്ത്രി ജി സുധാകരന്‍ പാലം ഗതാഗതാഗതത്തിനു തുറന്ന് കൊടുത്തശേഷം പാലത്തിലൂടെ എംപി,എംഎല്‍എമാര്‍ അടക്കം ജനപ്രതിനിധികള്‍ വാഹനത്തില്‍ സഞ്ചരിച്ചു.
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് വൈറ്റിലയിലും കുണ്ടന്നൂരിലും മേല്‍പ്പാലങ്ങള്‍ വിഭാവനം ചെയ്യപ്പെട്ടത്. തടസമില്ലാത്ത യാത്ര എന്ന സങ്കല്‍പ്പം മുന്‍നിര്‍ത്തിയുള്ള വികസന പദ്ധതികളുടെ ഭാഗമാണ് വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളും. നിരവധി പ്രതിസന്ധികള്‍ക്ക് നടുവിലും ഇച്ഛാശക്തിയോടെയും ദീര്‍ഘവീക്ഷണത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും എന്‍ജിനീയറിംഗ് മികവോടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മറ്റ് ഏജന്‍സികളേക്കാള്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. വൈറ്റിലയില്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ 6.73 കോടി രൂപ ലാഭമുണ്ടാക്കിയാണ് മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. വിശദമായ പദ്ധതിരേഖ പ്രകാരം 85.90 കോടി രൂപയുടെ സാങ്കേതിക അനുമതി 2017 ഓഗസ്റ്റ് 31 ന് നല്‍കി. 2017 സെപ്തംബറില്‍ പദ്ധതിക്ക് ടെണ്ടര്‍ ക്ഷണിച്ചു. 2017 നവംബര്‍ 17 ന് 78.36 കോടി നിര്‍മ്മാണച്ചെലവ് ക്വാട്ട് ചെയ്ത ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ നിര്‍മ്മാണ കരാര്‍ ഏല്‍പ്പിച്ചു. ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉപകരാര്‍ നല്‍കിയ രാഹുല്‍ കണ്‍സ്ട്രക്ഷന്‍സിനായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല.
2017 ഡിസംബര്‍ 11 ന് പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അന്നേ ദിവസം തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. 440 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. ആലപ്പുഴ ഭാഗത്തെ അപ്രോച്ച് റോഡിന് 150 മീറ്ററും ആലുവ ഭാഗത്തെ അപ്രോച്ച് റോഡിന് 120 മീറ്ററും നീളമുണ്ട്. അപ്രോച്ച് റോഡ് ഉള്‍പ്പടെ മേല്‍പ്പാലത്തിന്റെ ആകെ നീളം 720 മീറ്റര്‍. 30 മീറ്റര്‍ നീളമുള്ള 12 സ്പാനുകളും 40 മീറ്റര്‍ നീളമുള്ള രണ്ട് സ്പാനുകളും പാലത്തിനുണ്ട്. ഓരോ പാലത്തിലും മൂന്നു വരി വീതം ആറുവരിപ്പാതയായാണ് നിര്‍മ്മാണം.ഫ്ളൈഓവറിന് മെട്രോ റെയിലുമായി 5.5 മീറ്റര്‍ ഉയര വ്യത്യാസമുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ്, ദേശീയപാത അതോറിറ്റി ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നിയമ വിധേയമായി ഒരു വാഹനത്തിന് അനുവദിച്ചിട്ടുള്ള പരമാവധി ഉയരം 4.7 മീറ്ററാണ്. അതിനാല്‍ തന്നെ ഉയരം കൂടിയ ലോറി, ട്രക്കുകള്‍, മറ്റ് ഭാരവാഹനങ്ങള്‍ എന്നിവയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ മേല്‍പ്പാപാലത്തിലൂടെ കടന്നുപോകാം. പൈല്‍ ഫൗണ്ടേഷന്‍ നല്‍കി നിര്‍മ്മിച്ചിരിക്കുന്ന ഫ്ളൈഓവറിന് 34 പിയര്‍, പിയര്‍ ക്യാപ്പുകള്‍ എന്നിവ വീതവും 116 പ്രീസ്ട്രെസ്ഡ് ഗര്‍ഡറും നല്‍കിയിരിക്കുന്നു. ഇതിന് മുകളില്‍ ആര്‍സിസി ഡെക്ക് സ്ലാബ് ആണുള്ളത്.
ഇതിന് മുകളില്‍ മസ്റ്റിക് അസ്ഫാള്‍ട്ട് നല്‍കി ഉപരിതലം ബലപ്പെടുത്തിയ ശേഷം ബിറ്റുമിനസ് കോണ്‍ക്രീറ്റ് നല്‍കി ഉപരിതലം ഗതാഗത യോഗ്യമാക്കിയിരിക്കുന്നു. രണ്ട് അപ്രോച്ച് റോഡുകളും ബി.എം.ബി.സി നിലവാരത്തില്‍ ആവശ്യമായ ഫിനിഷിംഗും നല്‍കിയിട്ടുണ്ട്. ഫ്ളൈഓവറിന് ഇരുവശത്തും ഓട്ടോമാറ്റിക് ലൈറ്റിംഗും ട്രാഫിക് സേഫ്റ്റി സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഫ്ളൈഓവറിന്റെ ഇരുവശങ്ങളിലുമുള്ള സര്‍വ്വീസ് റോഡുകളും ബി.എം.ബി.സി നിലവാരത്തില്‍ നിര്‍മ്മിച്ച് ടൈല്‍ പാകി ഗതാഗതയോഗ്യമാക്കിയിരിക്കുന്നു. ഇതിനു പുറമേ, ഫ്ളൈഓവറിന്റെ ഇടപ്പള്ളി ഭാഗത്ത് 7.5 മീറ്റര്‍ വീതിയില്‍ ഇരുവശത്തും സര്‍വ്വീസ് റോഡുകള്‍ പുതുതായി നിര്‍മ്മിച്ചു. പൊന്നുരുന്നി ഭാഗത്ത് നിന്ന് ഹബ്ബിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ക്കായി സര്‍വ്വീസ് റോഡിന് താഴെ ഇരുവശവും സ്ലിപ്പ് റോഡുകളും നിര്‍മ്മിച്ചിട്ടുണ്ട്. ഫ്ളൈഓവറിന് താഴെ കടവന്ത്ര-തൃപ്പൂണിത്തുറ, ആലപ്പുഴ-തൃപ്പൂണിത്തുറ, ആലപ്പുഴ-വൈറ്റില ഹബ്ബ് എന്നീ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ സിഗ്നല്‍ സംവിധാനം വഴി നിയന്ത്രിക്കുന്ന വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഏഴര മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലുമായി രണ്ട് സര്‍വീസ് റോഡുകള്‍ നിര്‍മിച്ചിട്ടുണ്ട്. ആലുവ ഭാഗത്തുനിന്നും മൊബിലിറ്റി ഹബ്ബ്, തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് വേണ്ടിയാണ് ഇടതുഭാഗത്തെ സര്‍വീസ് റോഡ്. കടവന്ത്ര, പൊന്നുരുന്നി ഭാഗങ്ങളില്‍ നിന്നും ആലുവ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് വേണ്ടിയാണ് വലതുഭാഗത്തെ സര്‍വീസ് റോഡ്. പൊന്നുരുന്നി ഭാഗത്ത് നിന്നും ഹബ്ബിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ക്ക് വേണ്ടി ഈ സര്‍വീസ് റോഡിന് താഴെയായി സ്ലിപ്പ് റോഡ് നിര്‍മ്മിച്ചിട്ടുണ്ട്. മേല്‍പ്പാലത്തിന് താഴെ കടവന്ത്ര - തൃപ്പൂണിത്തുറ, ആലപ്പുഴ - തൃപ്പൂണിത്തുറ, ആലപ്പുഴ - ഹബ്ബ് എന്നീ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സിഗ്നല്‍ സംവിധാനം വഴി നിയന്ത്രിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.