കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസനയങ്ങള്‍ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുന്നു: കാനം രാജേന്ദ്രന്‍

Update: 2023-02-16 15:34 GMT

കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ നയങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ അതിനനുസരിച്ച് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സങ്കല്‍പ്പങ്ങളിലും മാറ്റം വരികയാന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ (എകെഎസ്ടിയു) 26ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന്റെ നവലിബറല്‍ നയങ്ങള്‍, കമ്പോളത്തിനനാവശ്യമുള്ളത് ഉല്‍പ്പാദിപ്പിക്കുന്ന മേഖലയായി വിദ്യാഭ്യാസമേഖലയെ മാറ്റിയിരിക്കുകയാണ്. വിദ്യാഭ്യാസം സാമൂഹികപുരോഗതിക്ക് എന്നുള്ള ആശയത്തില്‍ നിന്ന് വ്യവസായലോകം ആവശ്യപ്പെടുന്നതെന്തോ അത് കൊടുക്കാനുള്ള ബാധ്യതയാണ് വിദ്യാഭ്യാസത്തിനുള്ളതെന്ന നിലയിലേക്ക് മാറിയിരിക്കുന്നു.

ഒരു പുതിയ സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരുമ്പോള്‍ അത് യുക്തിചിന്തയും ശാസ്ത്രബോധവുമുള്ള ഒരു തലമുറയാവണമെന്ന സങ്കല്‍പം കുറഞ്ഞുകുറഞ്ഞുവരുന്നതായി നമ്മുക്ക് കാണാന്‍ സാധിക്കും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോല്‍സാഹിപ്പിക്കാനും മിത്തുകളെ യാഥാര്‍ഥ്യങ്ങളുമായി ഇണക്കിചേര്‍ക്കാനും നമ്മുടെ രാജ്യത്തെ ഭരണാധികരികള്‍ ശ്രമിക്കുന്നതായി കാണാന്‍ സാധിക്കും. ഇന്ത്യയുടെ പുരോഗതി നമ്മുടെ രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ സംരക്ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലുമാണ്.

എന്നാല്‍, ആ വൈവിധ്യങ്ങളെ സംരക്ഷിക്കുന്നതിന് പകരം മറ്റൊരു തലത്തിലേക്ക് നമ്മുടെ സമൂഹത്തെ കൊണ്ടുപോകാന്‍ ഭരണകൂടം ആഗ്രഹിക്കുന്നു. മതനിരപേക്ഷത എന്നത് ഇന്ത്യ പോലുള്ള രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശക്തിസ്രോതസ്സാണ്. എന്നാല്‍ മതരാഷ്ട്രസങ്കല്പം അടിച്ചേല്‍പ്പിക്കാന്‍ ഇന്ന് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം നമ്മുടെ പരിഷ്‌കൃതസമൂഹം നേരിടുന്ന പ്രശ്‌നങ്ങളാണ്. ആ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പോരാട്ടമാണ് ഈ മേഖലയിലെല്ലാം നമുക്ക് ആവശ്യമായിട്ടുള്ളത്.

ഉന്നതവിദ്യാഭ്യാസ മേഖല അതിന്റെ ജനാധിപത്യസ്വഭാവം നിലനിര്‍ത്തി മുന്നോട്ടുപോകുമ്പോള്‍ യുജിസിയിലൂടെയും ഗവര്‍ണറെ ഉപയോഗിച്ചും ഈ മേഖലയെ സ്വാധിനിക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നും ഇതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടത് അത്യാവശ്യമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ചടങ്ങില്‍ അഡ്വ.പി സന്തോഷ് കുമാര്‍ എംപി അധ്യക്ഷനായി. പി ആര്‍ നമ്പ്യാര്‍ സ്മാരക പുരസ്‌കാരം, കവി മാധവന്‍ പുറച്ചേരിക്ക് സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സമര്‍പ്പിച്ചു. എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി ഡോ എഫ് വില്‍സന്റെ പുസ്തകം കാനം രാജേന്ദ്രന്‍, എകെഎസ് ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണന്‍ മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.

Tags:    

Similar News