കുട്ടികളുടെ മാനസികാരോഗ്യം: മീഡിയാവണ്ണും കേരള പോലിസും നടത്തുന്ന പരിപാടിയില്‍ അതിഥിയായി ഐജി ശ്രീജിത്ത്
കുട്ടിമനസ് എന്ന പേരില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ ഒരുമണി വരെയാണ് പ്രത്യേക പരിപാടി. ഡിജിപി ലോക്നാഥ് ബെഹ്റ, മജീഷ്യനും മോട്ടിവേഷനല്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട്, ഐജി പി വിജയന്‍ ഐപിഎസ്, കോഴിക്കോട് മെഡിക്കല്‍ കോളജ് സൈക്യാട്രിസ്റ്റ് ഡോ. സി എ സ്മിത എന്നിവരാണ് പരിപാടിയിലെ മറ്റ് അതിഥികള്‍.
കോഴിക്കോട്: കുട്ടികളുടെ മാനസികാരോഗ്യത്തിനായി മീഡിയാ വണ്‍ ചാനലും കേരള പോലിസും സംയുക്തമായി നടത്തുന്ന പരിപാടിയില്‍ അതിഥികളിലൊരാളായി ക്രൈംബ്രാഞ്ച് മേധാവി ഐജി ശ്രീജിത്തിനെ പങ്കെടുപ്പിക്കുന്നത് വിവാദമാവുന്നു. കുട്ടിമനസ് എന്ന പേരില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ ഒരുമണി വരെയാണ് പ്രത്യേക പരിപാടി. ഡിജിപി ലോക്നാഥ് ബെഹ്റ, മജീഷ്യനും മോട്ടിവേഷനല്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട്, ഐജി പി വിജയന്‍ ഐപിഎസ്, കോഴിക്കോട് മെഡിക്കല്‍ കോളജ് സൈക്യാട്രിസ്റ്റ് ഡോ. സി എ സ്മിത എന്നിവരാണ് പരിപാടിയിലെ മറ്റ് അതിഥികള്‍.
ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസ് അട്ടിമറിച്ചതിന്റെ പേരില്‍ ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്. ഐജി ശ്രീജിത്ത് നടത്തിയ അട്ടിമറിശ്രമങ്ങള്‍ അക്കമിട്ടുനിരത്തി ഇരയുടെ മാതാവ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുമുണ്ട്. കൂടാതെ ഈ കേസിലെ ഇരയായ പെണ്‍കുട്ടിയെ അപമാനിച്ചും പ്രതിയായ ബിജെപി നേതാവ് പത്മരാജനെ അനുകൂലിച്ചും ഫോണ്‍ സംഭാഷണം നടത്തിയത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വലിയ വിവാദങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു.
ഇരയുടെ കുടുംബത്തിന്റെ ആവശ്യം കണക്കിലെടുത്ത് ഒടുവില്‍ ഹൈക്കോടതി ഇടപെട്ടാണ് ഐജി ശ്രീജിത്ത് ഉള്‍പ്പെടെയുള്ള അന്വേഷണസംഘത്തെ പൂര്‍ണമായും മാറ്റിയത്. ഇത്തരത്തില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ തന്നെ കുട്ടികളുടെ മാനസികാരോഗ്യത്തിനുള്ള പരിപാടിയില്‍ അതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരേ സോഷ്യല്‍ മീഡിയയിലും അല്ലാതെയും വ്യാപകവിമര്‍ശനമാണുയരുന്നത്. കുട്ടികളുടെ മാനസികാരോഗ്യത്തിന് ഡിജിപിയോ മജീഷ്യനോ അല്ല സംസാരിക്കേണ്ടതെന്നും അതിന് വിദഗ്ധരുണ്ടെന്നും ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകനായ ഷാഹീന്‍ അബ്ദുല്ല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അല്ലെങ്കില്‍ കഴിഞ്ഞവര്‍ഷം കേരളത്തില്‍ നടന്ന കുട്ടികളുടെ ആത്മഹത്യയെക്കുറിച്ച് മാതാപിതാക്കള്‍ക്ക് വേണ്ടി നല്ല റിപോര്‍ട്ടുകളുണ്ടാക്കുകയാണ് ഒരു മാധ്യമം ചെയ്യേണ്ടത്. എന്നിട്ട് പോലിസിനോട് ചോദ്യം ചോദിക്കുക. വാണിജ്യാവശ്യത്തിന് വേണ്ടി സര്‍ക്കാര്‍ ബന്ധങ്ങള്‍ക്ക് വേണ്ടി നടത്തേണ്ട കൂത്തല്ല. ഇന്ത്യയില്‍ ടൈംസ് ഓഫ് ഇന്ത്യ തുടങ്ങി വച്ച പെയ്ഡ് പ്രമോഷന്‍ മോഡലിന്റെ അപകടകാരിയായ ഒരു രൂപമാണ് മീഡിയാ വണ്‍ നടത്താന്‍ ശ്രമിക്കുന്നത്. എസ് ശ്രീജിത്ത് നടത്തിയിട്ടുള്ളത് കുട്ടികളുടെ അവകാശലംഘനമാണ്.
അയാളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയപ്രശ്‌നമല്ല, ധര്‍മികതയുടെ കുറവാണ്. മീഡിയാ വണ്ണിന് രാഷ്ട്രീയമില്ല എന്നത് സ്വീകരിച്ചാലും ധാര്‍മികതയില്ലെങ്കില്‍ ഉപരോധിക്കേണ്ട അപകടം പിടിച്ച ഒരു മാധ്യമമായി അതിനെ വിലയിരുത്തണമെന്ന് അദ്ദേഹം വിമര്‍ശിക്കുന്നു. അതേസമയം, കേരള പൊലിസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന പോലിസ് മേധാവികളുടെ പാനല്‍ വകുപ്പ് നിശ്ചയിച്ച് നല്‍കിയതാണെന്ന വിശദീകരണമാണ് ലഭിക്കുന്നത്. കേരള പോലിസിന്റെ ബോധവല്‍ക്കരണ കാംപയിനുകളുടെ ചുമതലയുള്ള ഐജി എന്ന നിലയിലാണ് ശ്രീജിത്തിനെ നിയോഗിച്ചതെന്ന് അറിയുന്നു.