ക്രിസ്ത്യന്‍ നാടാര്‍ സംവരണം: സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല; സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു
കേസില്‍ കോടതി വിശദമായ വാദം കേട്ടതിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക.
കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് സ്‌റ്റേ ചെയ്ത ഹൈക്കോടതി സിംഗില്‍ ബെഞ്ച് ഉത്തരവിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. അതേ സമയം ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.കേസില്‍ കോടതി വിശദമായ വാദം കേട്ടതിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക.
അപ്പീലില്‍ അന്തിമ വിധി വരുന്നതുവരെ താല്‍ക്കാലികമായി സിംഗിള്‍ ബഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നായിരുന്നു സര്‍ക്കാര്‍ അപ്പീല്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. മറാത്ത സംവരണ കേസിലെ സുപ്രീം കോടതി ഉത്തരവ് വരും മുന്‍പാണ് നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാരിന്റെ വാദം. സുപ്രീം കോടതി ഉത്തരവിന് മുന്‍പുള്ള സംവരണ പട്ടിക, രാഷ്ട്രപതി പുതിയ പട്ടിക തയ്യാറാക്കുന്നത് വരെ നിയമപരമായി നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.
പിന്നോക്ക വിഭാഗ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് നാടാര്‍ ക്രിസ്ത്യന്‍വിഭാഗത്തെ കേരള സബോര്‍ഡിനേറ്റ് സര്‍വീസ് റൂളിലെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നു അപ്പീലില്‍ പറയുന്നു. സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം 2020 സപ്തംബര്‍ നാലിനു ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ കേന്ദ്ര പട്ടികയിലുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കിയിട്ടുണ്ടെന്നും അപ്പീലില്‍ പറയുന്നു.സിംഗിള്‍ ബെഞ്ച് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് കഴിഞ്ഞ ജൂലൈ 27 നാണ് സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തത്.