യൂത്ത്‌കോണ്‍ഗ്രസ് ആന്തൂര്‍ നഗരസഭാ മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ

അതിനിടെ, സാജന്‍ പാറയിലിന്റെ ബക്കളത്തുള്ള പാര്‍ത്ഥ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് പുതുതായി ചുമതലയേറ്റ നഗരസഭാ സെക്രട്ടറി എം സുരേഷ് കെട്ടിടം പരിശോധിച്ചു. കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ ചില ചട്ടലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അത് പരിഹരിച്ച് അപേക്ഷ നല്‍കിയാല്‍ അനുമതി നല്‍കാമെന്നും പാര്‍ത്ഥ കണ്‍വന്‍ഷന്‍ സെന്റര്‍ മാനേജര്‍ സജീവനെ അറിയിച്ചിട്ടുണ്ടെന്നാണു സൂചന.

Update: 2019-06-27 10:02 GMT
കണ്ണൂര്‍: കണ്‍വന്‍ഷന്‍ സെന്ററിനു പ്രവര്‍ത്തനാനുമതി നല്‍കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആന്തൂര്‍ നഗരസഭാ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കെപിസിസി പ്രസിഡന്റ് ജ്യോതികുമാര്‍ ചാമക്കാല ഉദ്ഘാടനം ചെയ്ത ശേഷം പോലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഇതോടെയാണ് പോലിസ് ജലപീരങ്കി പ്രയോഗിച്ചത്. ഒടുവില്‍ ഏതാനും പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ്‌ചെയ്തു നീക്കുകയായിരുന്നു. സംഭവത്തില്‍ പി കെ ശ്യാമളയ്‌ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കണ്ണൂര്‍ എസ്പി ഓഫിസിലേക്കു മാര്‍ച്ച് നടത്തി. പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയും പ്രതിഷേധിക്കാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

    അതിനിടെ, സാജന്‍ പാറയിലിന്റെ ബക്കളത്തുള്ള പാര്‍ത്ഥ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് പുതുതായി ചുമതലയേറ്റ നഗരസഭാ സെക്രട്ടറി എം സുരേഷ് കെട്ടിടം പരിശോധിച്ചു.കെട്ടിടത്തിന്റെ റാംപ് ഉള്‍പ്പെടെയുള്ള മൂന്നിടങ്ങളില്‍ ചെറിയ തോതില്‍ മാറ്റം വരുത്തണമെന്നാണ് സെക്രട്ടറി അറിയിച്ചതെന്നും നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ ചെയ്യാവുന്ന കാര്യമാണിതെന്നും പാര്‍ത്ഥാസ് കണ്‍വന്‍ഷന്‍ സെന്റര്‍ മാനേജര്‍ സജീവന്‍ തേജസ് ന്യൂസിനോടു പറഞ്ഞു. നേരത്തേയുണ്ടായിരുന്ന സെക്രട്ടറി ചട്ടലംഘനത്തെ കുറിച്ച് പറയാതെ നീട്ടിക്കൊണ്ടു പോവുകയാണു ചെയ്തിരുന്നതെന്നും ഇക്കാര്യങ്ങളെല്ലാം ചെയ്താല്‍ ഉടന്‍ തന്നെ അനുമതി നല്‍കാമെന്ന് സെക്രട്ടറി അറിയിച്ചതായും സജീവന്‍ പറഞ്ഞു.

    അതിനിടെ, ആന്തൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ഷാജു ഫേസ്ബുക്ക് പ്രൊഫൈല്‍ മാറ്റിയത് വിവാദത്തിലായി. തെറ്റ് തെറ്റാണെന്നു ചൂണ്ടിക്കാട്ടിയാല്‍ തിരുത്തണമെന്നും അല്ലാതെ വാദിക്കാനോ ജയിക്കാനോ നില്‍ക്കരുതെന്നുമുള്ള അടിക്കുറിപ്പോടെ വിരല്‍ ചൂണ്ടുന്ന ചിത്രമാണ് പ്രൊഫൈലായി നല്‍കിയത്. ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയ്‌ക്കെതിരായ ഒളിയമ്പാണ് ഇതെന്ന വിധത്തില്‍ വാര്‍ത്തകള്‍ വന്നതോടെ നേതൃത്വം ഇടപെടുകയും ചിത്രം ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.









Tags:    

Similar News