കളമശ്ശേരി സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ലാത്തിച്ചാര്‍ജ്; ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലിസ് മര്‍ദ്ദനം

Update: 2023-02-21 11:03 GMT

കൊച്ചി: വനിതാപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെതിരേ നടപടി ആവശ്യപ്പെട്ട് കളമശ്ശേരി പോലിസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിവീശി. മൂന്നുതവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലിസ് മര്‍ദ്ദനമേറ്റു. പ്രവര്‍ത്തകരെ അനുനയിപ്പിക്കാനെത്തിയ ഷാഫിയെ പോലിസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.


 കെഎസ്‌യു നേതാവ് മിവ ജോളിക്കെതിരായ പോലിസ് അതിക്രമത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ഏറെ നേരം പോലിസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. പോലിസ് ലാത്തിച്ചാര്‍ജില്‍ എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നാല് പോലിസുകാര്‍ക്കും പരിക്കേറ്റു. ഷാഫിയെ പോലിസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഞങ്ങടെ പ്രവര്‍ത്തകരെ തല്ലിയാല്‍ ചോദിക്കാന്‍ ഞങ്ങടെ പ്രസിഡന്റ് വരും... 'ഏതോ ഒരുത്തന് എന്നെ തല്ലണമെന്ന് പറഞ്ഞു , അവനെയിങ്ങ് വിളിക്ക്' എന്നാണ് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പ്രവര്‍ത്തകരെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ഷാഫി ആരോപിച്ചു. ടി ജെ വിനോദും ഉമാ തോമസും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Tags:    

Similar News