ശബരിമല വിമാനത്താവളം: കണ്‍സള്‍ട്ടന്‍റിനെ നിയമിച്ചത് സാധ്യതാപഠനത്തിനെന്ന് മുഖ്യമന്ത്രി

ഭൂമി കൈയില്‍ കിട്ടുന്നതുവരെ അതിന് കാത്തിരുന്നാല്‍ പദ്ധതി ഗണപതി കല്യാണം പോലെയാകും. സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമിയാണെന്ന് നൂറുശതമാനം ഉറപ്പുള്ളതുകൊണ്ടാണ് സാധ്യതാപഠനം നടത്താന്‍ തീരുമാനിച്ചത്.

Update: 2020-07-28 14:15 GMT

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി കണ്‍സള്‍ട്ടന്‍റിനെ നിയമിച്ചത് സാധ്യതാപഠനത്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഭൂമി കൈയില്‍ കിട്ടുന്നതുവരെ അതിന് കാത്തിരുന്നാല്‍ പദ്ധതി ഗണപതി കല്യാണം പോലെയാകും. സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമിയാണെന്ന് നൂറുശതമാനം ഉറപ്പുള്ളതുകൊണ്ടാണ് സാധ്യതാപഠനം നടത്താന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിന്‍റെ 2263.18 ഏക്കര്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ 2020 ജൂണ്‍ 18ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ ഭൂമിയാണ് ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍റെ പക്കലുണ്ടായിരുന്നതും പിന്നീട് കൈമാറ്റം ചെയ്യപ്പെട്ടതുമാണ് ഈ ഭൂമി.

 ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍റെ ഉടമസ്ഥതയെക്കുറിച്ചുതന്നെ തര്‍ക്കമുണ്ട്. പ്രസ്തുത ഭൂമി സര്‍ക്കാരിന് ഉടമസ്ഥതയുള്ളതാണെന്ന് കാണിച്ച് പാല സബ് കോടതിയില്‍ സിവില്‍ സ്യൂട്ട് നിലവിലുണ്ട്. നേരത്തെ ഈ ഭൂമി നിയമവിരുദ്ധമായി ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍ കൈവശം വയ്ക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തു എന്ന് സര്‍ക്കാരിന്‍റെ ഉദ്യോഗസ്ഥതല സമിതി കണ്ടെത്തിയിരുന്നു. ഇതിനെതിരെ നിലവിലെ കൈവശക്കാരായ ബിലീവേഴ്സ് ചര്‍ച്ച് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ഭൂമിയുടെ ഉടമസ്ഥത ലാന്‍റ് കണ്‍സര്‍വേഷന്‍ ആക്ട് പ്രകാരം തീരുമാനിക്കാന്‍ സാധിക്കില്ല എന്നും സര്‍ക്കാരിന് സിവില്‍ കോടതിയില്‍ അന്യായം ഫയല്‍ ചെയ്ത് ഉടമസ്ഥാവകാശം സ്ഥാപിക്കാമെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജി തള്ളപ്പെട്ടു.

2020 ജൂണ്‍ 18ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അയനാ ട്രസ്റ്റ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്യുകയും സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യപ്പെട്ടിരിക്കുകയുമാണ്. കേസ് വീണ്ടും ആഗസ്റ്റ് രണ്ടാം വാരത്തില്‍ ഹിയറിംഗിന് വരുന്നുണ്ട്. സര്‍ക്കാരിന്‍റെ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമാണ്:

1. ഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണ്.

2. ഇത് സ്ഥാപിക്കാന്‍ സിവില്‍ അന്യായം പാല സബ്കോടതിയില്‍ നല്‍കിയിട്ടുണ്ട്.

3. തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ നഷ്ടപരിഹാരത്തുക THE RIGHT TO FAIR COMPENSATION AND TRANSPARENCY IN LAND ACQUISITION, REHABILITATION AND,- 2013 പ്രകാരം നിര്‍ദ്ദിഷ്ട കോടതിയില്‍ കെട്ടിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്‍റെ അന്തിമ വിധിയനുസരിച്ചായിരിക്കും നഷ്ടപരിഹാരം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

4. സാധ്യതാ പഠനത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും വേണ്ടിയാണ് കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചിട്ടുള്ളത്. നിയമനം സുതാര്യമായ പ്രക്രിയയിലൂടെയാണ്.

5. മൂന്ന് സ്ഥാപനങ്ങളെ സാങ്കേതിക യോഗ്യതയനുസരിച്ച് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും അതില്‍ ഏറ്റവുമധികം സ്കോര്‍ ലഭിച്ച 'ലൂയി ബര്‍ഗര്‍'എന്ന സ്ഥാപനത്തെ കണ്‍സള്‍ട്ടന്‍റായി തെരഞ്ഞെടുക്കുകയും ചെയ്തു. ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ദ്ധരുമടങ്ങിയ സമിതിയാണ് കണ്‍സള്‍ട്ടന്‍റിനെ തെരഞ്ഞെടുത്തത്.

ഭൂമി കൈയില്‍ കിട്ടുംമുമ്പ് എന്തിനാണ് കണ്‍സള്‍ട്ടന്‍റിനെ നിയമിച്ചതെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം. നല്ല ചോദ്യം. ശബരിമല വിമാനത്താവളം ഒരിക്കലും വരാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്നവര്‍ക്കേ ഇങ്ങനെ ചോദിക്കാനും പറയാനും കഴിയൂ. കേരളത്തിനകത്തും പുറത്തുമുള്ള തീര്‍ത്ഥാടകരുടെ സൗകര്യം പരിഗണിച്ച് എത്രയും പെട്ടെന്ന് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. വഴിമുടക്കികള്‍ക്ക് ചെവി കൊടുത്താല്‍ ഇവിടെ ഒരു പദ്ധതിയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News