ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി സ്‌റ്റേ ചെയ്തു

Update: 2024-04-25 09:08 GMT

കൊച്ചി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനു വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നടപടി. 441 കൈവശക്കാരുടെ 1000.28 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍ സാമൂഹികാഘാത പഠനം നടത്തിയതും ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിച്ചതും ചട്ടവിരുദ്ധമായാണെന്ന വാദം പരിഗണിച്ചാണ് നടപടികള്‍ സ്‌റ്റേ ചെയ്തത്. ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള ചെറുവള്ളി എസ്‌റ്റേറ്റിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്ക് എന്നതില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിലാണ് വിജ്ഞാപനമെന്നായിരുന്നു ഹരജിക്കാരുടെ പ്രധാന വാദം. കൂടാതെ സാമൂഹികാഘാത പഠനം നടത്തിയത് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റാണ്. ഇത് സര്‍ക്കാറിന് കീഴിലുള്ള ഏജന്‍സിയാണെന്നും കേന്ദ്ര-സംസ്ഥാന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണിതെന്നും ഹരജിക്കാര്‍ വാദിച്ചു. ഇത് പരിഗണിച്ചാണ് കോടതി ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം സ്‌റ്റേ ചെയ്തത്.

Tags:    

Similar News