ശബരിമല വിമാനത്താവളം: വിചിത്രവാദമുന്നയിച്ച് കണ്‍സള്‍ട്ടന്‍സി തട്ടിപ്പിനെ മുഖ്യമന്ത്രി വെള്ളപൂശുന്നു- ചെന്നിത്തല
ശബരിമല വിമാനത്താവളമെന്നത് യുഡിഎഫിന്റെ ആശയമായിരുന്നു എന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്. വിമാനത്താവളം പണിയണമെന്നതിനോട് യുഡിഎഫിന് പൂര്‍ണയോജിപ്പാണുള്ളത്.
തിരുവനന്തപുരം: മറ്റെല്ലാ കണ്‍സള്‍ട്ടന്‍സി കൊള്ളകളെയും ന്യായീകരിച്ച പോലെ വിചിത്രവും ബാലിശവുമായ വാദങ്ങളുന്നയിച്ചാണ് ശബരിമല വിമാനത്താവളത്തിന്റെ പേരിലെ കണ്‍സള്‍ട്ടന്‍സി തട്ടിപ്പിനെയും മുഖ്യമന്ത്രി വെള്ളപൂശുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിമാനത്താവളത്തിനുള്ള ഭൂമിയുടെ കാര്യത്തില്‍ തീരുമാനമാവുന്നതിന് മുമ്പ് എന്തിന് കണ്‍സള്‍ട്ടന്‍സിയെ വച്ച് കോടികള്‍ തുലച്ചുവെന്ന കാതലായ ചോദ്യമാണ് താനുന്നയിച്ചത്. ഭൂമി കൈയില്‍കിട്ടുന്നതുവരെ കാത്തിരുന്നാല്‍ പദ്ധതി ഗണപതി കല്യാണം പോലെയാവുമെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന മറുപടി.
നല്ല മറുപടി. വിമാനത്താവളം പണിയണമെങ്കില്‍ ഭൂമി കൈയില്‍ കിട്ടുക തന്നെ വേണം. പക്ഷേ, അതിന് വേണ്ടി കാത്തിരുന്നാല്‍ കണ്‍സള്‍ട്ടന്‍സിയെ വച്ച് പണം തട്ടാനാവില്ല. വിമാനത്താവളമല്ല, കമ്മീഷന്റെ കാര്യമാണ് ഗണപതി കല്യാണം പോലെ ആവുക. അത് നഷ്ടപ്പെടുത്താന്‍ കഴിയാത്തതിനാലാണ് ആദ്യംതന്നെ 4.6 കോടി രൂപയ്ക്ക് കണ്‍സള്‍ട്ടന്‍സിയെ വച്ചതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഭൂമി കൈയില്‍ കിട്ടുന്നതിന് മുമ്പ് കണ്‍സള്‍ട്ടന്‍സിയെ വച്ചത് പദ്ധതിയുടെ വേഗത വര്‍ധിപ്പിക്കുന്നതിനാണെന്ന് ന്യായീകരിക്കുന്ന മുഖ്യമന്ത്രി കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ കണ്‍സട്ടള്‍ട്ടന്റായ ലൂയീ ബര്‍ഗര്‍ എന്തുജോലിയാണ് വേഗത്തില്‍ പൂര്‍ത്തിയാക്കിയതെന്ന വിശദീകരിക്കണം.
പദ്ധതിയുടെ ടെക്നോ എക്കണോമിക് പഠനവും പരിസ്ഥതി ആഘാത പഠനവും നടത്തുക, കേന്ദ്രസര്‍ക്കാരില്‍നിന്ന് വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നേടിയെടുക്കുക, പരിസ്ഥിതി അനുമതി വാങ്ങുക തുടങ്ങിയവയാണ് ലൂയി ബര്‍ഗറെ ഏല്‍പ്പിച്ചിരുന്നത്. ഇതിലൊന്നുപോലും ചെയ്യാനവര്‍ക്ക് കഴിഞ്ഞില്ല. അതും ഗണപതി കല്യാണം പോലെ നീണ്ടുപോവുകയല്ലേ ചെയ്തത്? നിര്‍ദിഷ്ട ഭൂമിയില്‍ കടക്കാന്‍ പോലും അവര്‍ക്ക് കഴിയാത്തിനാല്‍ അവരെ ഏല്‍പ്പിച്ച ജോലികള്‍ ചെയ്യാനായിട്ടില്ലെന്നാണ് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ വിമാനത്താവള സ്പെഷ്യല്‍ ഓഫിസര്‍ വെളിപ്പെടുത്തിയത്.
4.6 കോടി രൂപയ്ക്ക് കരാറെടുത്തവര്‍ എന്തുചെയ്തു എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. അത്രയും തുക ആവിയായി പോയില്ലേ? അതിന് എന്തു കൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തത്? ശബരിമല വിമാനത്താവളമെന്നത് യുഡിഎഫിന്റെ ആശയമായിരുന്നു എന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്. വിമാനത്താവളം പണിയണമെന്നതിനോട് യുഡിഎഫിന് പൂര്‍ണയോജിപ്പാണുള്ളത്. അതിന്റെ മറവില്‍ കണ്‍സള്‍ട്ടന്‍സിയെ വച്ച് പണം തട്ടുന്നതിനോടാണ് എതിര്‍പ്പ്. ശബരിമല വിമാനത്താവളമല്ല, അതിന്റെ പേരിലെ കണ്‍സള്‍ട്ടന്‍സി കമ്മീഷനിലാണ് സര്‍ക്കാരിന് നോട്ടമെന്നാണ് പുറത്തുവന്ന വസ്തുതകള്‍ തെളിയിക്കുന്നത്. ഇതിനെപ്പറ്റി സമഗ്രാന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.