എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
ശങ്കരാഭരണത്തിലെ 'ശങ്കരാ.... നാദശരീരാ പരാ' എന്നു തുടങ്ങുന്ന ഗാനം ആസ്വദിക്കാത്തവരുണ്ടാവില്ല. അതുവരെ കേള്‍ക്കാത്ത ഭാവഗംഭീരമായ ആ ശബ്ദമാണ് ആസ്വാദക മനസ്സുകളില്‍ എസ്പിബിയെ ആദ്യമായി അടയാളപ്പെടുത്തിയത്.
തിരുവനന്തപുരം: തെന്നിന്ത്യന്‍ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ മായികമായ പുതുതലങ്ങളിലേക്കു ഉയര്‍ത്തിയ ഗായകനാണ് എസ് പി ബാലസുബ്രഹ്മണ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശങ്കരാഭരണത്തിലെ 'ശങ്കരാ.... നാദശരീരാ പരാ' എന്നു തുടങ്ങുന്ന ഗാനം ആസ്വദിക്കാത്തവരുണ്ടാവില്ല. അതുവരെ കേള്‍ക്കാത്ത ഭാവഗംഭീരമായ ആ ശബ്ദമാണ് ആസ്വാദക മനസ്സുകളില്‍ എസ്പിബിയെ ആദ്യമായി അടയാളപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ചു. ഓരോ ഗാനത്തിനും തന്റേതായ കയ്യൊപ്പ് ചാർത്തിയ പ്രതിഭയായിരുന്നു അദ്ദേഹം.
മലയാളിയെ സംബന്ധിച്ചിടത്തോളം ഇതര ഭാഷക്കാരനോ ഇതര സംസ്ഥാനക്കാരനോ അല്ല ബാലസുബ്രഹ്മണ്യം. നമുക്കിടയിലെ ഒരാളാണ്. അദ്ദേഹത്തിന്റെ സ്മരണ അനുപമമായ ആ ശബ്ദമാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനിൽക്കും.
ഇന്ത്യൻ സംഗീതത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം കൊണ്ടുണ്ടാകുന്നത്. പകരം വെക്കാന്‍ ആളില്ലാത്ത സംഗീത വ്യക്തിത്വമാണത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. കുടുംബാംഗങ്ങളുടെയും ആസ്വാദക സമൂഹത്തിന്റെയാകെയും ദുഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.