മലപ്പുറം ജില്ലാ സമ്മേളനത്തിലും മൽസരം; പി കെ കൃഷ്ണദാസ് ജില്ല സെക്രട്ടറി
സമ്മേളനം തുടങ്ങുമ്പോൾ തന്നെ വിഭാഗീയതയുടെ കല്ലുകടികൾ തുടങ്ങിയെങ്കിലും മൽസരം നടക്കുമെന്ന പ്രതീക്ഷ സംസ്ഥാന നേതൃത്വത്തിന് ഉണ്ടായിരുന്നില്ല.
മലപ്പുറം: ഔദ്യോഗിക പക്ഷത്തെ ഞെട്ടിച്ച് മലപ്പുറം ജില്ലാ സമ്മേളനത്തിലും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മൽസരം നടന്നു. കാനം പക്ഷത്തിന് ശക്തമായ സ്വാധീനമുള്ള ജില്ലയായ മലപ്പുറത്ത് സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷ സ്ഥാനാർത്ഥിയായ നിലവിലെ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസിന് എതിരേ അജിത് കൊളാടിയാണ് മൽസര രംഗത്ത് ഉണ്ടായത്.
45 അംഗ ജില്ലാ കമ്മിറ്റി അംഗങ്ങളിൽ 30 പേരുടെ വോട്ട് പി കെ കൃഷ്ണദാസിന് ലഭിച്ചപ്പോൾ 15 വോട്ട് മാത്രമാണ് അജിത് കൊളാടിക്ക് നേടാനായത്. കാനം പക്ഷത്തിന് പൂർണാധിപത്യമുണ്ടായ മലപ്പുറം ജില്ലയിൽ കെ ഇ ഇസ്മായിൽ പക്ഷം നടത്തിയ ഈ നീക്കം സംസ്ഥാന സമിതിയെ ഞെട്ടിച്ചു.
സമ്മേളനം തുടങ്ങുമ്പോൾ തന്നെ വിഭാഗീയതയുടെ കല്ലുകടികൾ തുടങ്ങിയെങ്കിലും മൽസരം നടക്കുമെന്ന പ്രതീക്ഷ സംസ്ഥാന നേതൃത്വത്തിന് ഉണ്ടായിരുന്നില്ല. നേരത്തേ കെ ഇ ഇസ്മായിൽ പക്ഷത്തുള്ള നിരവധി നേതാക്കളെ നേരത്തേ തന്നെ വെട്ടിനിരത്തുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തയിടത്താണ് മൽസരം നടന്നതെന്നത് ശ്രദ്ധേയമാണ്.
ജില്ലയിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന പ്രഫ പി ശ്രീധരന്റെ സ്മൃതി മണ്ഡപത്തിൽ നിന്നു ദീപശിഖാ പ്രയാണം തുടങ്ങാനായിരുന്നു തീരുമാനം. യുവതിയോട് അപമര്യാദയായി പെരുമാറിയ കുറ്റാരോപിതനു ദീപശിഖ കൈമാറുന്നതു ശ്രീധരനോടുള്ള അവഹേളനമാകുമെന്ന നിലപാടിൽ കുടുംബം ഉറച്ചു നിന്നു. പരാതി നൽകിയ എഐവൈഎഫ് പ്രവർത്തകയും സ്മൃതി മണ്ഡപത്തിൽ എത്തിയിരുന്നു. ഇതോടെ ദീപശിഖാ പ്രയാണത്തിന്റെ ഉദ്ഘാടനം മഞ്ചേരിയിലെ സിപിഐ പാർട്ടി ഓഫിസിനു സമീപത്തേക്കു മാറ്റുകയായിരുന്നു.