പാര്‍ട്ടിയില്‍ അഴിമതിയെന്ന്; അഡ്വ. ഷമീര്‍ പയ്യനങ്ങാടി ഐഎന്‍എല്‍ അംഗത്വം രാജിവെച്ചു

Update: 2025-01-14 11:18 GMT

മലപ്പുറം: ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എയും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും അഴിമതി നടത്തുകയാണെന്ന് ആരോപിച്ച് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഷമീര്‍ പയ്യനങ്ങാടി ഐഎന്‍എല്‍ പ്രാഥമിക അംഗത്വം ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങളും രാജിവച്ചു. പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം ഉണ്ടായിരുന്ന കാലയളവില്‍ ലക്ഷങ്ങള്‍ വാങ്ങി പല നിയമനങ്ങളും നടത്തിയത് തെളിവുകളോടെ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.

ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേതൃത്വം 25 കോടി രൂപ പിരിച്ചെങ്കിലും ഇതുവരെ ഓഫീസ് നിര്‍മിച്ചിട്ടില്ലെന്ന് അഡ്വ. ഷമീര്‍ പയ്യനങ്ങാടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യം സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ ചോദിച്ചതിന് തന്നെ കയ്യേറ്റം ചെയ്‌തെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് മെമ്പര്‍ മുഖേനയാണ് അദാനി ഗ്രൂപ്പില്‍ നിന്നും ഓഫീസ് നിര്‍മ്മാണത്തിനുവേണ്ടി പത്തു കോടി രൂപ ശേഖരിച്ചത്. ഗള്‍ഫ് നാടുകളില്‍ നിന്നും പ്രമുഖ വ്യവസായികളില്‍ നിന്നുമായി വേറെയും 15 കോടി രൂപ പിരിച്ചിട്ടുണ്ട്. ഈ പണത്തിന്റെ കണക്ക് ഇതുവരെ സംസ്ഥാന കമ്മിറ്റിയിലോ മറ്റോ പറഞ്ഞിട്ടില്ല. പണം ബാങ്കില്‍ നിക്ഷേപിച്ചതിന്റെ രേഖകളും ഹാജരാക്കിയിട്ടില്ല പണം ആരുടെ കയ്യിലാണ് എന്ന് എന്നതിന് നേതൃത്വത്തിന് മറുപടിയുമില്ല. പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ ചോദിച്ചിട്ട് പോലും അദ്ദേഹത്തെ അവഗണിക്കുന്ന സമീപനമാണ് നേതൃത്വം സ്വീകരിച്ചത്. 2024 ഡിസംബര്‍ പത്തിന് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തിലാണ് കണക്ക് ചോദിച്ചതിന്റെ പേരില്‍ നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റിനെതിരെ തെറി അഭിഷേകവും കയ്യേറ്റ ശ്രമവും നടത്തിയത്. അതിനെതിരെ നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. കയ്യേറ്റ ശ്രമം നടത്തിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകസമിതി മെമ്പറെ നടപടി എടുക്കാതെ അഹമ്മദ് ദേവര്‍ കോവില്‍ യൂത്ത് ലീഗിന്റെ ചുമതല നല്‍കി സംരക്ഷിക്കുകയാണ് ചെയ്തത്. ഫണ്ട് സംബന്ധിച്ച് കണക്ക് ചോദിച്ചതിന്റെ വിരോധമാണ് ഇതിനു കാരണം.പല നിയമനങ്ങള്‍ക്കും പാര്‍ട്ടി ഫണ്ടിന്റെ പേരില്‍ മന്ത്രിയുടെ അഡീഷണല്‍ പിഎസ് ലക്ഷങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും അഡ്വ. ഷമീര്‍ ആരോപിക്കുന്നു.

Similar News