ബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റിനെ കൂട്ടബലാല്‍സംഗക്കേസില്‍ പ്രതിചേര്‍ത്തു; ഉടന്‍ നടപടിയെന്ന് പോലിസ്
ഷിംല: ഡല്‍ഹി സ്വദേശിയായ യുവതിയെ ഹിമാചല്‍പ്രദേശില്‍ വെച്ച് കൂട്ടബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റ് മോഹന്‍ലാല്‍ ബദോലിയേയും ഗായകന്‍ റോക്കി മിത്തലിനെയും പോലിസ് പ്രതിചേര്‍ത്തു. ഹിമാചല്‍പ്രദേശ് ടൂറിസം വികസന കോര്‍പറേഷന്റെ കീഴിലുള്ള റോസ് കോമണ്‍ ഹോട്ടലില്‍ 2023 ജൂലൈ മൂന്നിനാണ് കുറ്റകൃത്യം നടന്നതെന്ന് കസോലി പോലിസ് അറിയിച്ചു.
ഡല്‍ഹി സ്വദേശിനിയായ യുവതിയും സ്ത്രീസുഹൃത്തും ഹിമാചല്‍പ്രദേശില്‍ ടൂര്‍ പോയതായിരുന്നു. റോസ് കോമണ്‍ ഹോട്ടലിലാണ് ഇരുവരും താമസിച്ചിരുന്നത്. അവിടെ വെച്ചാണ് രാഷ്ട്രീയ നേതാവായ മോഹന്‍ലാല്‍ ബദോലിയേയും ഗായകനായ റോക്കി മിത്തലിനെയും പരിചയപ്പെട്ടത്. ആല്‍ബത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് റോക്കിമിത്തലും സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് മോഹന്‍ലാലും യുവതിക്ക് വാഗ്ദാനം നല്‍കി. തുടര്‍ന്ന് പാര്‍ട്ടി നടത്തി. പാര്‍ട്ടി കഴിഞ്ഞപ്പോള്‍ കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് വിവരം പോലിസില്‍ അറിയിക്കാന്‍ വൈകിയതെന്നും ഇര പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പ്രമുഖരായ രണ്ടു പേര്‍ക്കെതിരേ കേസെടുത്തതായും ഉടന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു.