ബന്ദിമോചനം ആവശ്യപ്പെട്ട് ഇസ്രായേലില്‍ വന്‍ പ്രതിഷേധം; സര്‍ക്കാര്‍ ഹമാസിന് മുന്നില്‍ കീഴടങ്ങരുതെന്ന് തീവ്രവലതുപക്ഷം
തെല്‍അവീവ്: തൂഫാനുല്‍ അഖ്‌സയില്‍ ഹമാസ് ഗസയിലേക്ക് കൊണ്ടുപോയവരെ തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലില്‍ വന്‍പ്രതിഷേധം. ഗസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇസ്രായേല്‍ സര്‍ക്കാരും ഹമാസും കരാറില്‍ ഒപ്പിടുമെന്ന സൂചന ശക്തമായിരിക്കെയാണ് അതിന് അനുകൂലമായി പ്രതിഷേധം. ബന്ദികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് പേരാണ് തെല്‍അവീവിലെ ഹോസ്‌റ്റേജസ് ചത്വരത്തില്‍ എത്തിയത്. മുമ്പ് ഹമാസ് വിട്ടയച്ച മോറന്‍ സ്‌റ്റെല്ല, ഇപ്പോള്‍ ഗസയിലുള്ള യാര്‍ദന്‍ ബിബാസിന്റെ പിതാവ് അടക്കം ആയിരങ്ങളാണ് എത്തിയിരിക്കുന്നത്.
അതേസമയം, വെടിനിര്‍ത്തല്‍ കരാറിന് എതിരായ നിലപാടുള്ള ജൂതവിഭാഗങ്ങള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഒാഫിസിലേക്ക് മാര്‍ച്ച് നടത്തി.
നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ അംഗീകരിക്കരുതെന്നാണ് ഈ വിഭാഗത്തിന്റെ ആവശ്യം. ഇസ്രായേല്‍ മുന്‍കാലങ്ങളില്‍ നടത്തിയ അധിനിവേശങ്ങളില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ രൂപീകരിച്ച ഗെവുര എന്ന സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഗസയില്‍ വെടിനിര്‍ത്തല്‍ പാടില്ലെന്നും അധിനിവേശം തുടരണമെന്നുമാണ് ഇവരുടെ ആവശ്യം. ജൂതന്‍മാരുടെ രക്തം കൈയ്യില്‍ പുരണ്ടവരെ വിട്ടയക്കരുതെന്നും സര്‍ക്കാര്‍ ഹമാസിന് മുന്നില്‍ കീഴടങ്ങരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു.