ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനമന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്യും. അഞ്ച് പതിറ്റാണ്ടോളം ഉപയോഗിച്ച അക്ബര്‍ റോഡിലെ 24ാം നമ്പര്‍ മന്ദിരത്തില്‍നിന്ന് കോട്‌ല റോഡിലെ 9 എ ഇന്ദിരാഗാന്ധി ഭവനിലേക്കാണ് ആസ്ഥാനം മാറുന്നത്. പുതിയ ഓഫിസ് കെട്ടിടം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാഗാന്ധിയാണ് ഉദ്ഘാടനം ചെയ്യുക.
രണ്ട് ഏക്കര്‍ ഭൂമിയിലാണ് പുതിയ ഓഫിസ് നിര്‍മിച്ചിരിക്കുന്നത്. ഇവിടെ കോണ്‍ഫറന്‍സ് റൂമുകളും ലൈബ്രറികളും വാര്‍ത്താസമ്മേളനം നടത്താനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങിയ ഉന്നതനേതാക്കള്‍ക്കായാണ് ഒന്നാം നില മാറ്റിവെച്ചിരിക്കുന്നത്. രണ്ടാം നിലയില്‍ ആള്‍ ഇന്ത്യ സെക്രട്ടറിമാരും സ്റ്റാഫും താമസിക്കും. സംസ്ഥാനജനറല്‍ സെക്രട്ടറിമാര്‍ക്ക് വേണ്ടിയാണ് നാലാം നില.
ബ്രിട്ടീഷ് ആര്‍ക്കിടെക്ടായ സര്‍ എഡ്‌വിന്‍ ല്യൂട്ടന്‍സ് 1911നും 25നും ഇടയില്‍ നിര്‍മിച്ച അക്ബര്‍ റോഡിലെ 24ാം നമ്പര്‍ മന്ദിരത്തിന് ഏറെ ചരിത്രപ്രാധാന്യമുണ്ട്.
ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്‌റോയി ആയിരുന്ന ലിന്‍ലിത്‌ഗോ പ്രഭുവിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായിരുന്ന സര്‍ റെജിനാള്‍ഡ് മാക്‌സ്‌വെല്ലാണ് ആദ്യം ഇവിടെ താമസിച്ചിരുന്നത്. പിന്നീട് ബര്‍മയുടെ ഇന്ത്യയിലെ സ്ഥാനപതിമാര്‍ താമസിച്ചു. 1978ല്‍ ഇന്ദിരാ കോണ്‍ഗ്രസിന്റെ 20 പ്രവര്‍ത്തകരാണ് ആദ്യമായി ഇവിടെയെത്തിയത്. പിന്നീട് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെല്ലാം ഇവിടം കേന്ദ്രീകരിച്ചായിരുന്നു.