ഡല്‍ഹിയില്‍ 111 കര്‍ഷകര്‍ കൂടി നിരാഹാര സമരത്തിലേക്ക്; ദല്ലേവാളിന്റെ നില ഗുരുതരമാവുന്നു
ന്യൂഡല്‍ഹി: പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ഖന്നൗരിയില്‍ നിരാഹാര സമരം തുടരുന്ന ജഗ്ജിത് സിങ് ദല്ലേവാളിനൊപ്പം 111 കര്‍ഷകര്‍കൂടി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും ചൊവ്വാഴ്ച ദല്ലേവാളിന്റെ നിരാഹാരസമരം 50 ദിവസം പൂര്‍ത്തിയായി. ഭക്ഷണം കഴിക്കാതെ വെള്ളംമാത്രം കുടിച്ചാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നത്. ദല്ലേവാളിന്റെ ശരീരം ഇപ്പോള്‍ വെള്ളം സ്വീകരിക്കുന്നില്ലെന്നും അവയവങ്ങള്‍ തകരാറില്‍ ആയി തുടങ്ങിയെന്നും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.
വിളകള്‍ക്ക് സ്വമിനാഥന്‍ കമീഷന്‍ ശുപാര്‍ശ ചെയ്ത താങ്ങുവില പ്രഖ്യാപിക്കുക, വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, കാര്‍ഷിക കടാശ്വാസം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഖന്നൗരി, ശംഭു പോയിന്റുകളില്‍ കര്‍ഷക സമരം തുടരുന്നത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് വിവിധ മത, ആത്മീയ വിഭാഗങ്ങള്‍ക്ക് ദല്ലേവാള്‍ കത്തെഴുതിയിട്ടുണ്ട്.