ഇന്നസെന്റിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

മുന്‍ എം പി കെ പി ധനപാലന്‍ പ്രദേശിക വികസന ഫണ്ട് പൂര്‍ണമായും ചെലവഴിച്ചില്ലെന്നും ബാക്കിയായ തുകയും എം പി എന്ന നിലയില്‍ തനിയ്ക്ക് കിട്ടിയ തുകയും ഉള്‍പ്പടെ എല്ലാം ചെലവഴിച്ച എംപിയാണ് താനെന്നുമാണ് ഇന്നസെന്റ് പ്രചാരണം നടത്തുന്നത്. ഇതിനെതിരെയാണ് അവനീഷ് കോയിക്കര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്

Update: 2019-04-19 16:09 GMT

അങ്കമാലി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നുവെന്നാരോപിച്ചു ഇന്നസെന്റിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. ഹൈക്കോടതി അഭിഭാഷകനും കെ എസ് യു മുന്‍ ജില്ല വൈസ് പ്രസിഡന്റും കെപിസിസി വിചാര്‍ വിഭാഗ് ജില്ലാ വൈസ് ചെയര്‍മാനുമായ അഡ്വക്കേറ്റ് അവനീഷ് കോയിക്കരയാണ് പരാതി നല്‍കിയത്. മുന്‍ എം പി കെ പി ധനപാലന്‍ പ്രദേശിക വികസന ഫണ്ട് പൂര്‍ണമായും ചെലവഴിച്ചില്ലെന്നും ബാക്കിയായ തുകയും എം പി എന്ന നിലയില്‍ തനിയ്ക്ക് കിട്ടിയ തുകയും ഉള്‍പ്പടെ എല്ലാം ചെലവഴിച്ച എംപിയാണ് താനെന്നുമാണ് ഇന്നസെന്റ് പ്രചാരണം നടത്തുന്നത്. ഇതിനെതിരെയാണ് അവനീഷ് കോയിക്കര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്.

https://www.mplads.gov.in/MPLADS/UploadedFiles/HTML/15ls/lsstat11.htm എന്ന സര്‍ക്കാര്‍ വെബ് ലിങ്കില്‍ കെപി ധനപാലന്റേയും https://www.mplads.gov.in/MPLADS/UploadedFiles/HTML/16ls/lsstat11.htm എന്ന സര്‍ക്കാര്‍ വെബ് ലിങ്കില്‍ ഇന്നസെന്റിന്റേയും എംപി ഫണ്ട് വിനിയോഗം അറിയാമെന്നിരിക്കെ വോട്ടര്‍മാരെ കബളിപ്പിക്കുന്നത് നിറുത്താന്‍ നിര്‍ദേശിക്കണമെന്നു പരാതിയില്‍ ആവശ്യപ്പെടുന്നു. മുന്‍ എംപി കെ പി ധനപാലന്‍ മുഴുവന്‍ എം പി ഫണ്ടും ചിലവഴിച്ചില്ലെന്നും യാതൊരു തെളിവുമില്ലാതെ 1750 കോടിയുടെ വികസനം നടത്തിയെന്നുമാണ് ഇന്നസെന്റിന്റെ അവകാശവാദം. ഇതു തെറ്റായ വിവരം നല്‍കി വോട്ടര്‍മാരെ കബളിപ്പിക്കലാണ്. ഇത്തരത്തില്‍ കബളിപ്പിക്കുന്നത് നിറുത്തണമെന്നും യാഥാര്‍ത്ഥ്യം നവ മാധ്യമങ്ങളിലുടെയും പ്രമുഖ ദൃശ്യ മാധ്യമങ്ങളിലുടെയും പ്രചരിപ്പിക്കുന്നതിനും നിര്‍ദ്ദേശിക്കണമെന്നും പരാതിയില്‍ ആശ്യപ്പെടുന്നു.

എം പി എന്ന നിലയില്‍ കെ പി ധനപാലന് ആദ്യ മൂന്നു വര്‍ഷം 3 കോടിയും പിന്നീട് രണ്ടു വര്‍ഷം 5 കോടിയും വീതം 19 കോടിയാണ് എംപി ഫണ്ട് എന്ന നിലയില്‍ ലഭിച്ചത്. അതില്‍ പലിശയടക്കം ലഭ്യമായ 21.06 കോടിയും ചില വഴിച്ചതായി കാണുന്നു. കെ പി ധനപാലന്‍ എം പി യായിരിക്കെ 25 കോടി രൂപയാണ് പ്രാദേശിക വികസന ഫണ്ട് ലഭിച്ചതെന്നും ഇതില്‍ 21.06 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്ന പ്രചരണമാണ് നടത്തുന്നത്. എന്നാല്‍ പ്രദേശിക ഫണ്ട് എന്ന നിലയില്‍ പലിശ സഹിതം ലഭിച്ച 21.06 കോടി രൂപ പൂര്‍ണമായും ചെലവഴിച്ചിട്ടും തെറ്റായ ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണ്.

5 വര്‍ഷം 5 കോടി വീതം 25 കോടിയാണ് ഇന്നസെന്റിന് എംപി ഫണ്ട് ലഭിച്ചത്. അതില്‍ പലിശയടക്കം ലഭ്യമായ 17.98 കോടി രൂപയില്‍ 3.25 കോടി ചിലവഴിച്ചിട്ടില്ലെന്നും ഇത് സര്‍ക്കാര്‍ വെബ് സെറ്റില്‍ വെളിവാകുമ്പോഴാണ് എം പി ഫണ്ട് പൂര്‍ണമായും ചെലവഴിച്ചുവെന്ന അവകാശവാദം ഉന്നയിക്കുന്നതെന്ന് അവനിഷ് കോയിക്കര വ്യക്തമാക്കി. അവകാശപ്പെട്ട 25 കോടി എംപി ഫണ്ട് വാങ്ങിയെടുക്കാന്‍ പോലും സാധിക്കാത്തയാള്‍ 1750 കോടിയുടെ വികസനം നടത്തിയെന്ന വാദം ജനം പുച്ഛിച്ചു തള്ളും. 1750 കോടിയുടെ വികസനത്തിന് തെളിവായി വെബ് ലിങ്കോ, കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുകളോ കാണിക്കാന്‍ എം പി യ്ക്ക് സാധിച്ചിട്ടില്ലെന്നും അവനിഷ് കോയിക്കര ആരോപിക്കുന്നു. 

Tags:    

Similar News