ക്രൈസ്തവ-മുസ് ലിം സൗഹാർദ്ദം തകർക്കുന്നു; പാലാ ബിഷപ്പിനെതിരേ പരാതി

എസ്ഡിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുലൈമാൻ പാലക്കാടാണ് പരാതി നൽകിയത്.

Update: 2021-10-26 16:41 GMT

പാലക്കാട്: പാലാ ബിഷപ്പ് ക്രൈസ്തവ-മുസ് ലിം സൗഹാർദ്ദം തകർക്കുന്നെന്ന് കാണിച്ച് പാലക്കാട് ജില്ലാ പോലിസ് മേധാവിക്ക് പരാതി. തികച്ചും വ്യാജവും വർഗീയത പടർത്തുന്നതും സമൂഹത്തിലെ മത വിഭാഗങ്ങൾക്കിടയിൽ വിഭാഗീയതയും അസഹിഷ്ണുതയും ജനിപ്പിക്കുന്ന തരത്തിലുള്ളതുമായ പ്രകോപനപരമായ പ്രസംഗമാണ് ബിഷപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. എസ്ഡിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുലൈമാൻ പാലക്കാടാണ് പരാതി നൽകിയത്.

ഒമ്പതാം നൂറ്റാണ്ടു മുതൽ കൊടുങ്ങല്ലൂരിൽ മറ്റുമതസ്ഥരുടെ പ്രത്യേകിച്ച് മുഹമ്മദീയരുടെ ആക്രമണം നിമിത്തം ചാരിത്ര്യവും സത്യ വിശ്വാസവും കാത്തുസൂക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഒരു വലിയ പറ്റം ആളുകളാണ് നമ്മുടെ പൂർവ മാതാക്കളായിട്ടുള്ള സുറിയാനി സഭയും നമ്മൾ മനസിലാക്കിയെടുത്തിരിക്കുന്നതെന്ന ബിഷപ്പിന്റെ പ്രസംഗം ക്രിസ്ത്യൻ മുസ്ലിം മതങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള മനപൂർവ ശ്രമമാണെന്ന് പരാതിയിൽ ആരോപിക്കുന്നു.

ലൗ ജിഹാദ്, നർകോട്ടിക് ജിഹാദ് എന്നീ കാര്യങ്ങൾ കേരളത്തിൽ ഉണ്ടെന്നാണ് ബിഷപ്പ് പ്രസം​ഗത്തിൽ പറഞ്ഞത്. മുൻ ഡിജിപി ലോകനാഥ് ബഹ്റയെ ഉദ്ധരിച്ച് കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് സെന്ററുകൾ ആണെന്നും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകൾ ഇവിടെയുണ്ടെന്നും അദ്ദേഹം പ്രസം​ഗിച്ചു. തികച്ചും കളവായും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ കാര്യങ്ങൾ ബിഷപ്പ് പ്രസംഗത്തിൽ ആധികാരികത വരുത്തുന്നതിലേക്ക് ഉപയോഗിച്ച് പൊതുജനങ്ങൾക്കിടയിൽ പരിഭ്രാന്തിയും വിഭാഗീയതയും പരത്തുന്നതിലേക്ക് വഴിയൊരുക്കിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.


Similar News